Header Ads

  • Breaking News

    കുട്ടികള്‍ക്കുള്ള ദേശീയ ധീരതാപുരസ്‌കാരം 20 ജീവന്‍ രക്ഷിച്ച ആദിത്യ , "ഭരത്‌" ആദ്യമായി കേരളത്തിലേക്ക്‌


    കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ ദേശീയ ധീരതാപുരസ്‌കാരമായ "ഭരത്‌" ആദ്യമായി കേരളത്തിലേക്ക്‌. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ ഏര്‍പ്പെടുത്തിയ, ഈവര്‍ഷത്തെ ഭരത്‌ പുരസ്‌കാരമാണു കോഴിക്കോട്‌ രാമനാട്ടുകര തോട്ടുങ്ങലില്‍ കെ. ആദിത്യ(15)ക്കു ലഭിച്ചത്‌. 62 വര്‍ഷം പഴക്കമുള്ള പുരസ്‌കാരം ആദ്യമായാണു മലയാളി ബാലനു ലഭിക്കുന്നത്‌.തീപിടിച്ച ബസില്‍നിന്ന്‌ 20 പേരുടെ ജീവന്‍ രക്ഷിച്ചതിനാണ്‌ ആദിത്യ പുരസ്‌കാരത്തിന്‌ അര്‍ഹനായത്‌. മൂന്നു കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനിടെ സ്വന്തം ജീവന്‍ നഷ്‌ടപ്പെട്ട കോഴിക്കോട്‌ സ്വദേശി മുഹമ്മദ്‌ മുഹ്‌സി(16)നു മരണാനന്തരബഹുമതിയും കോഴിക്കോടുനിന്നുതന്നെയുള്ള ഫത്താഹിനു പ്രത്യേകപുരസ്‌കാരവും ലഭിച്ചു.
    ജനുവരി 26-നു ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്‌ ദിനാഘോഷച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. ഇവരുടെ പ്രഫഷണല്‍ വിദ്യാഭ്യാസം ഉള്‍പ്പെടെ മുഴുവന്‍ ചെലവുകളും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ്‌ വെല്‍ഫെയര്‍ വഹിക്കുമെന്നു കേരള സംസ്‌ഥാന ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഇന്‍-ചാര്‍ജ്‌ പി.എസ്‌. ഭാരതി അറിയിച്ചു. കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ ദേശീയധീരതാ പുരസ്‌കാരമായ ഭരത്‌ അവാര്‍ഡ്‌ നേടിയ ആദിത്യ മനസാന്നിധ്യം കൈവിടാതെ രക്ഷിച്ചത്‌ 20 ജീവന്‍. കഴിഞ്ഞ മേയ്‌ ഒന്നിനായിരുന്നു കാലിക്കറ്റ്‌ സര്‍വകലാശാല പെന്‍ഷനേഴ്‌സ്‌ ഫോറത്തിലെ അംഗങ്ങളും ബന്ധുക്കളുമടങ്ങിയ വിനോദയാത്രാസംഘം നേപ്പാളിലേക്കു യാത്രപോയത്‌. ബസിനു പിറകിലെ സീറ്റില്‍ മറ്റ്‌ അഞ്ചു കുട്ടികള്‍ക്കൊപ്പമിരിക്കുകയായിരുന്നു ആദിത്യ. നേപ്പാളില്‍ വച്ച്‌ ചുരമിറങ്ങുമ്പോള്‍ ബസിനു തീപിടിച്ചു. ഈ സമയം ആദിത്യ കൈയിലിരുന്ന ചുറ്റികയുപയോഗിച്ച്‌ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത്‌ ബസിനുള്ളിലകപ്പെട്ട 20 പേരെയും പുറത്തുകടത്തി. എല്ലാവരും പുറത്തുകടന്നയുടന്‍ ബസിന്റെ ഡീസല്‍ ടാങ്ക്‌ പൊട്ടിത്തെറിക്കുകയും ചെയ്‌തു. കോഴിക്കാട്‌ കരിങ്കല്ലായി വെനെര്‍നി സ്‌കൂളിലെ വിദ്യാര്‍ഥിയായ ആദിത്യ തോട്ടുങ്ങല്‍ കെ.ആര്‍. സദനത്തില്‍ അനീഷിന്റെയും അജിനിയുടെയും മകനാണ്‌.
    കുളിക്കുന്നതിനിടെ കടല്‍ത്തിരയില്‍പ്പെട്ട മൂന്നു സഹപാഠികളെയാണ്‌ ധീരതയ്‌ക്കുള്ള മരണാനന്തര ദേശീയ പുരസ്‌കാരം ലഭിച്ച മുഹമ്മദ്‌ മുഹ്‌സീന്‍ രക്ഷിച്ചത്‌. പ്രക്ഷുബ്‌ധമായ കടലില്‍ നീന്തുന്നതിനിടെ മുഹ്‌സീന്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. മുഹ്‌സിന്‍ സാഹസികമായി മൂന്നു വിദ്യാര്‍ഥികളെയും കരയ്‌ക്കെത്തിച്ചു. മൂന്നാമത്തെ വിദ്യാര്‍ഥിയെ കരയ്‌ക്കെത്തിട്ടുന്നതിനിടെ മുഹ്‌സിന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. കോഴിക്കോട്‌ ചിങ്ങപുരം സി.കെ.ജി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയായ മുഹ്‌സീന്‍ തിക്കൊടി നിതിയാണ്ടി മിന്‍ഹാസ്‌ ഹൗസില്‍ മുസ്‌തഫയുടേയും നാസിലയുടേയും മകനാണ്‌.
    തീവണ്ടിക്കു മുന്നില്‍നിന്നു വീട്ടമ്മയെയും പേരക്കുട്ടിയെയും രക്ഷിച്ചതിനാണു കോഴിക്കോട്‌ വടകര പുതുപ്പണം ജെ.എന്‍.എം.എസ്‌.എച്ചിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥി ഫത്താഹിനു ദേശീയ ധീരതാ അവാര്‍ഡ്‌ ലഭിച്ചത്‌. ആക്കൂല്‍ പാലത്തിനു സമീപത്തെ ട്രാക്കില്‍പെട്ട കറുക പാലോളിയിലെ ഗീതയെയും രണ്ടാം ക്ലാസുകാരിയായ പേരക്കുട്ടിയെയുമാണ്‌ ഫത്താഹ്‌ രക്ഷിച്ചത്‌. ഇവര്‍ ട്രാക്കിലൂടെ നടക്കുമ്പോള്‍ ട്രെയിന്‍ വരികയായിരുന്നു. ഇതു കണ്ട ഫത്താഹ്‌ ട്രാക്കിലേക്കു ചാടി രണ്ടുപേരെയും രക്ഷിച്ചു. പുതുപ്പണം പൊന്നന്റെ കീഴില്‍ ഹൗസില്‍ നിസാം- സുബൈദ ദമ്പതികളുടെ മകനാണു ഫത്താഹ്‌.

    No comments

    Post Top Ad

    Post Bottom Ad