ആരും വിലക്കിയിട്ടില്ല, പങ്കെടുക്കാത്തതിന് കാരണം സിപിഎം അല്ല; ആർഎംപി പരിപാടിയെച്ചൊല്ലിയുള്ള വിവാദത്തിൽ കാനം

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിന് സിപിഐ അടക്കമുള്ള ഘടകകക്ഷികളെ സിപിഎം വിലക്കിയെന്ന് ആര്‍എംപിയുടെ ആരോപണങ്ങള്‍ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ആരും വിലക്കിയിട്ടല്ല പരിപാടിയില്‍ നിന്ന് പിന്മാറിയതെന്ന് കാനം പറഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ഉള്ളതിനാലാണ് ആര്‍എംപിയുടെ ക്ഷണം നിരസിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാമെന്ന് താൻ ഏറ്റിട്ടില്ലെന്നാണ് കാനം വിശദീകരിക്കുന്നത്. ആദ്യം തന്നെ വിളിച്ചപ്പോൾത്തന്നെ പങ്കെടുക്കില്ലെന്ന് പറഞ്ഞതാണ്. അന്ന് എനിക്ക് വേറെ പരിപാടിയുണ്ടെന്ന് പറഞ്ഞിരുന്നതാണ്. ഇത് നേരത്തേ വിശദീകരിച്ചതാണെന്നും തെറ്റിദ്ധാരണയുണ്ടാകേണ്ട സാഹചര്യമില്ലെന്നും കാനം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കരുത് എന്ന് സിപിഎം ആവശ്യപ്പെട്ടതായി താന്‍ പറഞ്ഞിട്ടില്ല. അത്തരം പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണ്. മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനാണ് ആര്‍എംപി നേതാക്കള്‍ തന്റെ പേര് വലിച്ചിഴച്ചതെന്നും കാനം കുറ്റപ്പെടുത്തി.
നേരത്തെ, പരിപാടിയില്‍ നിന്ന് സിപിഎം ആവശ്യപ്പെട്ടതിനാല്‍ പിന്മാറുന്നുവെന്ന് കാനം പറഞ്ഞതായി ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണുവാണ് വെളിപ്പെടുത്തിയത്. ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടി പി ഭവന് ഉദ്ഘാടനം. ടി പി ചന്ദ്രശേഖരന്റെ സ്മരണ നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു.
No comments
Post a Comment