Header Ads

  • Breaking News

    ഇന്ത്യയുടെ വൈവിധ്യം വിളിച്ചോതാൻ ദേശിയ സരസ് മേള : മാങ്ങാട്ടുപറമ്പിൽ ഒരുക്കങ്ങൾ പൂർത്തിയായി


    തളിപ്പറമ്പ്: 
    ഇന്ത്യൻ ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭക ഉൽപന്ന പ്രദർശനത്തിനും വിപണനത്തിനായി ദേശീയ സരസ് മേളയുടെ ഒരുക്കങ്ങൾ മാങ്ങാട്ടുപറമ്പിൽ പൂർത്തിയായി. ഈ മാസം 20 മുതൽ 31വരെ മാങ്ങാട്ടുപറമ്പ് കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മേളയിലൂടെ ഇന്ത്യൻ ഗ്രാമീണമേഖലയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും വിവിധതരം ഭാഷകൾ സംസാരിക്കുന്നവരുമായ ചെറുകിട, കുടിൽ വ്യവസായ സംരഭകർ അവരുടെ ഉൽപന്നങ്ങളും ഭക്ഷണവും ജീവിതരീതികളും പരിചയപ്പെടുത്തും.

    സർക്കാരും തദ്ദേശ വകുപ്പും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിലൂടെ 10 കോടി രൂപയുടെ വിൽപനയാണ് ലക്ഷ്യമിടുന്നത്. 250 സ്റ്റാളുകൾക്കുള്ള ഒരുലക്ഷം സ്‌ക്വയർ ഫീറ്റിലുള്ള കൂറ്റൻ പന്തൽനിർമാണം തുടങ്ങിയിട്ടുണ്ട്. മേളയിൽ ഏറ്റവും ആകർഷകം 25,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള സ്റ്റാളിൽ ഒരുക്കുന്ന ഇന്ത്യൻ ഫുഡ് കോർട്ടാണ്. വിവിധ സംസ്ഥാനങ്ങളിലെ വൈവിധ്യങ്ങളായ ഭക്ഷണം കണ്ടറിയാനും കഴിക്കാനുമുള്ള സൗകര്യമുണ്ടാകും. 12 ദിവസത്തെ മേളയിൽ ജില്ലയിലെ 20,000 കുടുംബശ്രീ യൂണിറ്റുകളിൽനിന്ന്‌ 10 ലക്ഷം പേർ ധർമശാലയിലെത്തും. 20ന് മന്ത്രി എ സി മൊയ്തീൻ, 22ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, 23ന് മന്ത്രി ടി പി രാമകൃഷ്ണൻ, 24ന് മന്ത്രി കെ ടി ജലീൽ, 30ന് മന്ത്രി ഇ പി ജയരാജൻ തുടങ്ങിയവർ പങ്കെടുക്കും.

    വിവിധ വിഷയങ്ങളിൽ ഏഴ് സെമിനാറുകൾ മേളയുടെ ഭാഗമായി നടത്തുന്നുണ്ട്.കളർ പെയിന്റിങ്‌ മത്സരം, മൈലാഞ്ചിയിടൽ മത്സരം, കേക്ക് ഫെസ്റ്റ്, ബഡ‌്സ് സ്‌കൂൾ കുട്ടികളുടെ സംഗമം, സിനിമാറ്റിക് ഡാൻസ് മത്സരം, വനിതാ ജനപ്രതിനിധി സംഗമം തുടങ്ങിയവയുമുണ്ട്‌. ദിവസവും വൈകിട്ട് സാംസ്‌കാരിക സമ്മേളനവും കലാപരിപാടികളും. 21ന് നാട്ടുത്സവം, 22ന് മധുര സംഗീതം, 23ന് ഉഷ്ണരാശി കഥാപ്രസംഗം, 24ന് പൂരക്കളി, 26ന് കണ്ണൂർ സംഘചേതനയുടെ നാടകം ഭോലറാം, 27ന് ഗീത് മഹാർ, 29ന് ചവിട്ടുനാടകം, 30ന് കലാഭവൻ പ്രജോദ് അവതരിപ്പിക്കുന്ന കോമഡി ഉത്സവം എന്നിവ നടക്കും. 31ന് കുരുക്ഷേത്ര നൃത്താവിഷ്‌കാരം തുടങ്ങിയവ അരങ്ങേറും. ആദരായനം പരിപാടിയിൽ കഥാകൃത്ത് ടി പത്മനാഭനെ ആദരിക്കും. 20ന് പകൽ മൂന്നിന് 5000 പേർ അണിനിരക്കുന്ന ഘോഷയാത്ര മാങ്ങാടുനിന്നും ബക്കളത്തുനിന്നും ആരംഭിക്കും. വൈകിട്ട‌്നാലിന് മന്ത്രി എ സി മൊയ്തീൻ മേള ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രാസ് മെയിൽ ദി ബ്രാൻഡ്‌ മെഗാ ഷോ എന്നിവ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad