Header Ads

  • Breaking News

    കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ; പ്രസവം ബെംഗളൂരുവില്‍




    കോഴിക്കോട്∙ നാലു ദിവസം പ്രായമുള്ള കുട്ടിയെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തിൽ അമ്മ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിലെ കഫത്തീരിയ ജീവനക്കാരിയായ 21 വയസുകാരിയെയാണ് പന്നിയങ്കര പൊലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രസവത്തിനുശേഷം കോഴിക്കോട്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

    തിരുവണ്ണൂർ മാനാരിയിലെ പള്ളിക്കുമുന്നിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. കുഞ്ഞിന്റെ പിതാവും വിമാനത്താവളത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പള്ളിയുടെ പടിക്കെട്ടിൽ കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ ഉപേക്ഷിച്ചപ്പോൾ പൊതി‍ഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പുമുണ്ടായിരുന്നു:‘ഈ കുഞ്ഞിന് നിങ്ങൾ ഇഷ്ടമുള്ള പേരിടണം. അള്ളാഹു തന്നതാണെന്നു കരുതി നിങ്ങൾ ഇതിനെ നോക്കണം. ഞങ്ങൾക്കു തന്നത് അള്ളാഹുവിനു തന്നെ തിരികെ കൊടുക്കുന്നു. കുഞ്ഞിന് ബിസിജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി1 വാക്സിനും കൊടുക്കണം’.
    പള്ളിയുടെ പടികളിൽ ചെരിപ്പുകൾ സൂക്ഷിക്കുന്ന ഭാഗത്താണ് കുഞ്ഞിനെ കിടത്തിയിരുന്നത്. രാവിലെ 6.45ന് മദ്രസ കഴിഞ്ഞ് കുട്ടികൾ പിരിയുമ്പോൾ ഇവിടെ കുഞ്ഞിനെ കണ്ടിരുന്നില്ല. 8.30ന് പള്ളി പരസത്തുള്ള ഇസ്ലാഹിയ സ്കൂളിലേക്ക് പ്രൈമറി വിദ്യാർഥികളുമായി ഓട്ടോ വന്നു. ഈ കുട്ടികളാണ്  കുഞ്ഞിനെ ചൂണ്ടിക്കാണിച്ചത്.
    വനിതാ പൊലീസും ശിശുസംരക്ഷണ സമിതി പ്രവർത്തകരുമെത്തി കുഞ്ഞിനെ ഏറ്റെടുത്തു. തുടർന്ന് കുഞ്ഞിനെ കോട്ടപ്പറമ്പ് ജില്ലാ വനിതാ ശിശു ആശുപത്രിയിലേക്ക് എത്തിച്ചു. 2.7 കിലോ ഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യവതിയാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. പൊക്കിൾകൊടിയിൽ ടാഗ് കെട്ടിയതിനാൽ ഏതോ ആശുപത്രിയിലാണ് പ്രസവം നടന്നതെന്നും അധികൃതർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad