Header Ads

  • Breaking News

    ശബരിമല വിധി നാളെ കാലത്ത് 10.30 ന് എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്



    ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ആണു വിധി പറയുക. പ്രായഭേദമെന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെയാണു പുനഃപരിശോധനാ ഹർജികൾ. രാവിലെ 10.30ന് ആണു വിധിപ്രസ്താവം തുടങ്ങുക.
    കഴിഞ്ഞ വർഷം സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവശം അനുവദിച്ചുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ 2006ൽ നൽകിയ കേസിൽ 12 വർഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി. പിന്നാലെ വൻ പ്രതിഷേധങ്ങൾക്കാണു കേരളം സാക്ഷ്യം വഹിച്ചത്. ശബരിമല പ്രക്ഷോഭത്തിന്റെ പേരിൽ പൊലീസ് എടുത്ത 9000 ക്രിമിനൽ കേസുകളിൽ പ്രതികളായത് 27,000 പേരാണ്.‌

    2016ൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു മുൻപാകെ കേസ് വന്നപ്പോൾ ഉമ്മൻചാണ്ടി സർക്കാരായിരുന്നു അധികാരത്തിൽ. ശബരിമലയിൽ യുവതീപ്രവേശം വേണ്ടെന്നും തൽസ്ഥിതി തുടരണമെന്നും സത്യവാങ്മൂലം നൽകി. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. യുവതീപ്രവേശത്തെ അനുകൂലിച്ച് പുതിയ സത്യവാങ്മൂലം നൽകി കോടതിയിൽ സംസ്ഥാന സർക്കാർ വാദിച്ചു.

    യുവതീപ്രവേശം അനുവദിച്ച് വിധി വന്നപ്പോൾ അതു നടപ്പാക്കാൻ സർക്കാർ ശ്രമിച്ചു. ഇതിനെതിരെ കടുത്ത പ്രതിഷേധ സമരങ്ങൾ ഉയർന്നു. വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയുടെ മുൻപാകെ എത്തിയത്. പുനഃപരിശോധനാ ഹർജികൾ ഫെബ്രുവരിയിൽ പരിഗണിച്ചെങ്കിലും വിധി പറയാനായി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് 17ന് ആണു വിരമിക്കുന്നത്. അയോധ്യ വിധിക്ക് ശേഷം ജനം കാതോർത്തിരുന്ന സുപ്രധാന വിധിയാണ് വരാൻ പോകുന്നത്.

    No comments

    Post Top Ad

    Post Bottom Ad