Header Ads

  • Breaking News

    ശനിയാഴ്ചയും അവധിക്ക് ശുപാര്‍ശ; പ്രവൃത്തിദിനം അഞ്ച്‌ മതിയെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍



    തിരുവനന്തപുരം:
    സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമാക്കി കുറയ്ക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാര്‍ശ. വിരമിക്കല്‍ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശചെയ്തു. എല്ലാ ശനിയാഴ്ചയും അവധി നല്‍കണം. പൊതു അവധികളും കാഷ്വല്‍ ലീവും കുറയ്ക്കണം.
    റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ പരിഗണിക്കണോയെന്ന് സര്‍ക്കാരിന് തീരുമാനിക്കാം. ജീവനക്കാരുടെ മാനസികസമ്മര്‍ദം കുറയുന്നതുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷന്റെ വിലയിരുത്തല്‍.

    ശനിയാഴ്ച അവധി നൽകുന്നതിനു പകരം മറ്റുദിവസങ്ങളിൽ ഓഫീസ് പ്രവർത്തനം രാവിലെ ഒന്പതുമുതൽ വൈകീട്ട് 5.30 വരെയാക്കണം. ഇപ്പോൾ പത്തുമുതൽ അഞ്ചുവരെയാണ്. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ അരമണിക്കൂർ ഇടവേള നൽകണം. ഓഫീസ് സമയത്തിന് അനുസരിച്ച് പൊതുഗതാഗത സൗകര്യങ്ങളൊരുക്കാൻ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തണം. ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതിന്റെ സാധ്യതയും പരിഗണിക്കാം. അങ്ങനെയാണെങ്കിൽ ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

    കാഷ്വൽ ലീവ് 12 മതി
    ഇപ്പോൾ ജീവനക്കാർക്ക് വർഷം 20 കാഷ്വൽ ലീവ് ഉണ്ട്. ഇത് 12 ആക്കണം. മറ്റ് അവധികൾ പൊതു അവധികൾ, പ്രത്യേക അവധികൾ, നിയന്ത്രിത അവധികൾ എന്നിങ്ങനെ മൂന്നായി തിരിക്കണം. ഒമ്പത് പൊതുഅവധി മതി. റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുൽ ഫിത്തർ, മഹാനവമി.
    മറ്റ് അവധികൾ പ്രത്യേക അവധികളായിരിക്കും. പ്രത്യേക അവധികളിൽ ഒരാൾക്ക് എട്ടെണ്ണത്തിനേ അവകാശം പാടുള്ളൂ. അപേക്ഷയുടെ അടിസ്ഥാനത്തിൽ വേണം ഇതനുവദിക്കാൻ. ജാതിമത ഭേദമന്യേ ആർക്കും ഇത്തരം അവധികൾക്ക് അപേക്ഷിക്കാം. നിയന്ത്രിത അവധികൾ ഇപ്പോഴത്തെപ്പോലെ നിലനിർത്തണം. 2019-ൽ രണ്ടാം ശനിയാഴ്ചകളും ഞായറാഴ്ചകളുമൊഴികെ 27 ദിവസം ഒാഫീസുകൾ അവധിയാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു.

    സ്കൂളുകൾ നേരത്തേ തുടങ്ങണം
    ഓഫീസുകൾ തുടങ്ങുന്നതിന് ഒരുമണിക്കൂർ മുമ്പെങ്കിലും സ്കൂൾ തുറക്കണം. രാവിലെ ഒമ്പതിനാണ് ഓഫീസുകൾ തുറക്കേണ്ടത്. പ്രത്യേകസമയം പറഞ്ഞിട്ടില്ലെങ്കിലും എട്ടുമണിക്കെങ്കിലും സ്കൂൾ തുറക്കണമെന്ന് കമ്മിഷൻ ഉദ്ദേശിക്കുന്നതായി ശുപാർശയിൽനിന്ന് വ്യക്തം.
    പി.എസ്.സി: ഒരു തസ്തികയ്ക്ക് നാല് അവസരംമാത്രം
    പി.എസ്.സി. പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 40-ൽനിന്ന് 32 ആയി കുറയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശ. കുറഞ്ഞപ്രായം 18-ൽനിന്ന് 19 ആക്കണം. പട്ടികജാതി/പട്ടികവർഗം, മറ്റു പിന്നാക്ക വിഭാഗം എന്നിവരുടെ പ്രായം ഇതനുസരിച്ച് ക്രമീകരിക്കണം. പരീക്ഷയെഴുതാനുള്ള അവസരം പൊതുവിഭാഗത്തിന് നാലുതവണയായും മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അഞ്ചുതവണയായും പരിമിതപ്പെടുത്തണം. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്കാര കമ്മിഷന്റെ ശുപാർശയിൽ പറയുന്നു

    No comments

    Post Top Ad

    Post Bottom Ad