Header Ads

  • Breaking News

    കണ്ണൂർ ജില്ല ബി.ജെ.പി പ്രസിഡണ്ട് സ്ഥാനത്തേക്ക് സദാനന്ദൻ മാസ്റ്ററുടെ പേരുമായി ആർ.എസ്.എസ് നേതൃത്വം


    കണ്ണൂർ: 
    ജില്ലയിലെ ബി.ജെ.പിയിലെ വിഭാഗീയത പരിഹരിക്കാൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് സി.സദാനന്ദൻ മാസ്റ്ററെ നിർദ്ദേശിച്ച് ആർ.എസ്.എസ് നേതൃത്വം. സംഘടനാ തിരഞ്ഞെടുപ്പ് ഒക്ടോബറിൽ തുടങ്ങാനിരിക്കെ ജില്ലയിലെ ബിജെപിയിൽ ഗ്രൂപ്പ് പോര് ശക്തമായതോടെയാണ് പുതിയ ഫോർമുല നിർദ്ദേശിച്ച് ആർ.എസ്.എസ് നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്.

    എൻ.ടി.യു സംസ്ഥാന പ്രസിഡണ്ടും, ആർഎസ്എസിന്റെ വൈജ്ഞാനിക സദസിലെ ഏറെ ശ്രദ്ധേയനുമായ പയഞ്ചേരി സ്വദേശി സി.സദാനന്ദൻ മാസ്റ്ററെ പുതിയ പ്രസിഡണ്ടാക്കി പൂർണ്ണമായും വിഭാഗീയത തുടച്ചു നീക്കാനാണ് ശ്രമം.

    ആർഎസ്എസ് നിർദ്ദേശത്തോട് സദാനന്ദൻ മാസ്റ്റർ കൃത്യമായി മറുപടി നൽകിയില്ല എന്നതാണ് വിവരം. മുഴുവൻ സമയം പ്രവർത്തിക്കുന്ന ഒരു ജില്ലാ ജനറൽ സെക്രട്ടറി ഉണ്ടെങ്കിൽ നിർദ്ദേശം പരിഗണിക്കാമെന്ന സൂചന സദാനന്ദൻ മാസ്റ്റർ നൽകിയതായും ബന്ധപ്പെട്ടവർ പറഞ്ഞു.

    പി.ഗംഗാധരനെ പ്രസിഡണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തെ ഭൂരിഭാഗം മണ്ഡലം കമ്മറ്റിയും തള്ളിയിരിക്കുകയാണത്രെ.കെ.രഞ്ജിത്തിന്റെ നോമിനിയാണ് തളിപറമ്പ് സ്വദേശി കൂടിയായ ഗംഗാധരൻ. എതിർപ്പു രൂക്ഷമായതോടെ സംസ്ഥാന സെൽ കോർഡിനേറ്ററായ കെ.രഞ്ജിത്ത് തന്നെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരുമെന്ന ചർച്ചയും സജീവമായിട്ടുണ്ട്.

    ഇതോടെയാണ് ആർ.എസ്.എസ് നേതാക്കൾ പ്രശ്നത്തിൽ ഇടപ്പെട്ടത്.കാരണം 2014ൽ പ്രസിഡണ്ട് സ്ഥാനത്തു നിന്നും കെ.രഞ്ജിത്തിനെ മാറ്റാത്തതിനെ തുടർന്നുണ്ടായ പ്രശ്നം ജില്ലയിലെ ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാക്കിയിരുന്നു.മുൻ ജില്ലാ പ്രസിഡണ്ട് ഒ.കെ.വാസു, എ.അശോകൻ എന്നിവരടക്കമുള്ളവർ സി.പി.എമ്മിൽ ചേർന്നത് രഞ്ജിത്തുമായുള്ള പ്രശ്നത്തെ തുടർന്നായിരുന്നു.

    വീണ്ടും സമാനമായ അന്തരീക്ഷം സംജാതമാകുമെന്ന ഭയം സംഘപരിവാർ നേതൃത്വത്തിനുണ്ട്. ജില്ലാ പ്രസിഡണ്ടായ പി.സത്യപ്രകാശിനെ വീണ്ടും ഒരു ടേം കൂടി പരിഗണിക്കാൻ ചർച്ച കെ.രജ്ഞിത്ത് വിഭാഗം തുടങ്ങിയെങ്കിലും അതു ചർച്ചയ്ക്ക് എടുക്കാൻ പോലും നേതൃത്യം തയ്യാറായില്ലത്രേ.

    സംസ്ഥാനത്ത് 14 ജില്ലകളിലെ ഏറ്റവും മോശമാർന്ന പ്രകടനം നടത്തിയ പ്രസിഡണ്ടാണ് പി.സത്യപ്രകാശ് എന്ന വിമർശനം സംസ്ഥാന നേതാക്കൾക്കുണ്ടെന്ന് മുതിർന്ന നേതാവ് പറഞ്ഞു.

    പി.കെ.കൃഷ്ണദാസ് പക്ഷക്കാരാണ്കെ .രജ്ഞിത്തും, സത്യപ്രകാശും.വി.മുരളീധരൻ കേന്ദ്ര മന്ത്രിയായതോടെ ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തിരിക്കുന്ന കെ.സുരേന്ദ്രൻ കണ്ണൂരിൽ മുരളീ പക്ഷക്കാരെ പ്രസിഡണ്ടാക്കാനും ഉള്ളിലൂടെ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിൽ ഉരുതിരിഞ്ഞ തർക്കം മണ്ഡലത്തിലെ സംഘടന തിരഞ്ഞെടുപ്പിലും ബാധിച്ചിട്ടുണ്ടെന്ന് പേര് പറയാൻ ആഗ്രഹിക്കാത്ത ജില്ലാ നേതാവ് പാനൂർ ന്യൂസിനോട് പറഞ്ഞു.

    വിഭാഗീയത ശക്തമായ സാഹചര്യം ഒഴിവാക്കാൻ ആർ.എസ്.എസിനെ ബി.ജെ.പിയിലെ നിഷ്പക്ഷമതികളായ നേതാക്കൾ കാണുകയും ചെയ്തിട്ടുണ്ട്. ഇനി ആർ.എസ്.എസിന്റ കാലിലാണ് പന്ത് ഉള്ളതെന്നും, പ്രശ്നം രമ്യമായി തീർക്കുമെന്ന വിശ്വാസമാണ് ഉള്ളതെന്നും നേതാക്കൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

    സദാനന്ദൻ മാസ്റ്റർ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയാൽ ജില്ലയിലെ സി.പി.എം അക്രമത്തിന്റെ പ്രതീകമായും സംഘപരിവാർ ഇദ്ദേഹത്തെ ഉയർത്തി കാട്ടും.പ്രവർത്തകരിൽ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ് സി.സദാനന്ദൻ മാസ്റ്റർ. നിലവിൽ തൃശൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ അദ്ധ്യാപകനാണ്.

    No comments

    Post Top Ad

    Post Bottom Ad