Header Ads

  • Breaking News

    കണ്ണൂർ മെഡിക്കൽ കോളേജിൽ മതിയായ ചികിത്സ രോഗികൾക്ക് നൽകുന്നുണ്ടെന്ന് പ്രിൻസിപ്പാൾ


    ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ മതിയായ ചികിത്സ എത്തിച്ചേരുന്ന മുഴുവൻ രോഗികൾക്കും നൽകുന്നുണ്ടെന്ന് പ്രിൻസിപ്പാൾ ഡോ എൻ റോയ്‌ അറിയിച്ചു. നിലവിൽ, ചികിത്സതേടിയെത്തുന്നവരുടെ എണ്ണം വലിയരീതിയിൽ കൂടിയത്‌ മതിയായ ചികിത്സ നൽകുന്നു എന്നതിന്റെ തെളിവാണ്‌. മറിച്ചുള്ള ചില പ്രതികരണവും വാർത്തയും വസ്തുത മനസ്സിലാക്കാതെയോ തെറ്റിദ്ധരിച്ചോ ഉള്ളതാണ്‌. ഹൃദയരോഗവുമായി ബന്ധപ്പെട്ട്‌ അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗി മരണപ്പെട്ടത്‌ ചികിത്സ നിഷേധിച്ചതുകൊണ്ടല്ല. നേരത്തേ ഹൃദയസ്തംഭനത്തിന്‌ ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന്റെ സ്ഥിതി അത്രകണ്ട്‌ ഗുരുതരമായിരുന്നു. ആ ഘട്ടത്തിൽ അടിയന്തിരമായി ചെയ്യാനുള്ളതെല്ലാം ഡോക്ടർമാർ നൽകിയിരുന്നു. കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രിക്ക്‌ കീഴിലുള്ള കാർഡിയോളജി വിഭാഗം കേരളത്തിൽ ഏറ്റവും കൂടുതൽ കാർഡിയാക്‌ പ്രൊസീജറുകൾ ചെയ്യുന്ന ഹൃദയ ചികിത്സാരംഗത്തെ ഇന്ത്യയിലെതന്നെ പ്രധാന കേന്ദ്രമായി ഇതിനോടകം തന്നെ അംഗീകരിക്കപ്പെട്ടതാണ്‌. നിരവധിയായ ആളുകളാണ്‌ ഇവിടെ നിന്നും ചികിത്സകഴിഞ്ഞ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയിരിക്കുന്നത്‌. പ്രസ്തുതരോഗിയും മുമ്പ്‌ ഇവിടെ നിന്നും ശസ്ത്രക്രിയ കഴിഞ്ഞ്‌ ജീവിതത്തിലേക്ക്‌ തിരിച്ചെത്തിയ വ്യക്തിയാണ്‌. എന്നാൽ നിലവിൽ ഹൃദയധമനികളിലെ രക്തത്തിന്റെ പമ്പിംഗ്‌ തീർത്തും കുറഞ്ഞ്‌ ലംഗ്സിൽ വെള്ളം നിറഞ്ഞും രക്തത്തിൽ ഓകിസിജന്റെ അളവ്‌ ക്രമാതീതമായി കുറയുകയും കാർബൺ ഡയോക്സൈഡ്‌ കൂടിയും ഉള്ള അവസ്ഥയിലാണ്‌ രോഗിയെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നത്‌. രോഗിയുടെ രക്തത്തിൽ അമ്ലാംശം വളരെ കൂടുതലായിരുന്നു. രക്തപരിശോധനയിൽ അണുബാധയുടെ ലക്ഷണവും ഉണ്ടായിരുന്നു. ശ്വാസതടസ്സം കൂടുതലായതോടെ ഉടൻ തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാൻ വെന്റിലേറ്ററിലേക്ക്‌ മാറ്റുകയായിരുന്നു. എന്നാൽ ഹൃദയത്തിന്റെ പമ്പിംഗ്‌ കുറവായതിനാലും ബി.പി കുറഞ്ഞ്‌, ശ്വാസമെടുക്കാൻ പോലും തീർത്തും പ്രയാസകരമായി വന്നതും പ്രതിസന്ധിയാവുകയായിരുന്നു. തുടർന്ന് ജീവൻ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെങ്കിലും ശരീരത്തിന്റെ മരുന്നുകളോടുള്ള പ്രതികരണം മോശം നിലയിലായതോടെ രോഗിക്ക്‌ മരണം സംഭവിക്കുകയായിരുന്നു. യാഥാർത്ഥ്യം ഇതായിരിക്കെ, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ആശുപത്രിയെ അവഹേളിക്കുകയും മരണപ്പെട്ടയാളുടെ കുടുംബത്തെ കൂടുതൽ വേദനിപ്പിക്കുകയും ചെയ്യുന്നത്‌ വസ്തുത മനസ്സിലാക്കിയെങ്കിലും തിരുത്തണമെന്ന് ആവശ്യപ്പെടുന്നു. എന്താണ്‌ നിജസ്ഥിതിയെന്ന് വാർത്തനൽകും മുമ്പ്‌ അന്വേഷിച്ചിരുന്നെങ്കിൽ ബന്ധുക്കളും ജനങ്ങളും തെറ്റിദ്ധരിക്കുന്ന സ്ഥിതിയുണ്ടാകുമായിരുന്നില്ല. നേരത്തേ, ഡോക്ടർമാർ സമരത്തിലല്ലാതിരുന്ന ദിവസം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാർ സമരത്തിലെന്ന് വാർത്ത വന്നിരുന്നു. വസ്തുതാപരിശോധന അകലെ നിർത്തിക്കൊണ്ടുള്ള ഇത്തരം മാധ്യമപ്രവർത്തനം പുതിയ ഈ സർക്കാർ മെഡിക്കൽ കോളേജിനെ അവഹേളിക്കാനും തത്ക്കാലത്തേങ്കിലും ജനങ്ങളിൽ തെറ്റിദ്ധാരണ ഉയർത്താനും മാത്രമേ വഴിതുറക്കുകയുള്ളൂ. സർക്കാർ മെഡിക്കൽ കോളേജ്‌ ആശുപത്രിയായതിനാൽ ചികിത്സതേടിയെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനാലും, ഭാവിയിലെ സാഹചര്യം കൂടി കണക്കിലെടുത്തും കാർഡിയോളജി വിഭാഗം ഉൾപ്പടെ വിപുലീകരിക്കുന്നതിന്‌ ആരോഗ്യമന്ത്രിതന്നെ ഇടപെട്ട്‌ നടപടി സ്വീകരിച്ച്‌ കഴിഞ്ഞതാണ്‌. ഇതിനായി പുതിയ കെട്ടിടമുൾപ്പടെ പണിയുന്നതിനുള്ള തുകയും വകയിരുത്തപ്പെട്ടിട്ടുണ്ട്‌. പ്രധാനവിഭാഗങ്ങളിൽ നിലവിലുള്ളതിന്‌ പുറമേ ഇനിയും ഡോക്ടർ മാരുടെ സേവനം ഉറപ്പാക്കുന്നതിനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്‌. ഭാവികൂടി ലക്ഷ്യംവെച്ചുള്ള ഈ പ്രവർത്തനങ്ങൾ തുടരുമ്പോൾ,ആശുപത്രിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്‌ ബന്ധപ്പെട്ടവർ തിരുത്തണമെന്നും വാർത്താക്കുറിപ്പിൽ പ്രിൻസിപ്പാൾ അഭ്യർത്ഥിച്ചു.

    No comments

    Post Top Ad

    Post Bottom Ad