Header Ads

  • Breaking News

    ഫേസ് ആപ്പിനെതിരെ അന്വേഷണം വേണമെന്ന് US സെനറ്റര്‍; ആപ്പ് ഉപയോഗിക്കുന്നവര്‍ ഫേസ് ആപ്പിന് നല്‍കുന്നത് ഫ്രീ ലൈസന്‍സ്


    ദിവസങ്ങള്‍ക്ക് മുമ്ബ് ഫേസ് ആപ്പ് തരംഗമായത് പ്രായം കൂട്ടാനും കുറയ്ക്കാനും ആണായും പെണ്ണായും മാറ്റാനും കഴിയുന്നതിനാല്‍ ആയിരുന്നു. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങളൊക്കെ മാറി മറിഞ്ഞിരിക്കുകയാണ്. ഫേസ് ആപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യു എസ് സെനറ്റര്‍ തന്നെ രംഗത്തെത്തി. റഷ്യയാണ് ഫേസ് ആപ്പിന്‍റെ ജന്മദേശം. അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യ തങ്ങള്‍ക്കെതിരെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്നാണ് അമേരിക്കയുടെ വാദം.

    ആപ്പ് ഉപയോഗിക്കുമ്ബോള്‍ ആപ്പിന് യുഎസ് പൗരന്‍മാരുടെ സ്വകാര്യവിവരങ്ങള്‍ ലഭിക്കും. ഇത് ആശങ്കാജനകമാണ്. അതിനാല്‍ തന്നെ എഫ് ബി ഐ അന്വേഷണം നടത്തണമെന്നും ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ആവശ്യപ്പെട്ടു. ഉപഭോക്തൃ സംരക്ഷണസമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് ആപ്പ് മൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണത്തിന് 2016ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് നേതാക്കള്‍ നേരിട്ടിരുന്നു. അതിനാല്‍ തന്നെ 2020ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമിതിയും നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. എന്നാല്‍, തങ്ങളുടെ നയം ഫേസ് ആപ്പും വ്യക്തമാക്കി കഴിഞ്ഞു. ഉപയോഗത്തിനു ശേഷം 48 മണിക്കൂറിനുള്ളില്‍ സെര്‍വറില്‍ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതര്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു.

    ഫേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുമ്ബോള്‍ നിങ്ങള്‍ നല്‍കുന്നത് നിങ്ങളുടെ ഏത് ചിത്രവും ഉപയോഗിക്കാനുള്ള ലൈസന്‍സ് 

    കണ്ണടച്ചു തുറക്കുന്നതിനു മുമ്ബേയാണ് ഫേസ് ആപ്പ് വൈറലായത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ആയിരുന്നു പ്രിസ്മ തരംഗമായത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച്‌ നിങ്ങളുടെ ചിത്രം ആര്‍ട്ട് വര്‍ക്കിലേക്ക് മാറ്റുന്നത് ആയിരുന്നു അത്. അതിനു ശേഷമാണ് റഷ്യന്‍ ആപ്പായ ഫേസ് ആപ്പ് തരംഗമായത്. എന്നാല്‍, ഫേസ് ആപ്പിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ നിറയെ.

    ആന്‍ഡ്രോയ്ഡ് ഫോണിലും ഐ ഫോണിലും ഫേസ് ആപ്പ് ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയ്ഡ് ഫോണിലെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മാത്രം ഇതുവരെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 10 കോടി ആളുകളാണ്. എന്നാല്‍, ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആരും അതിലെ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിക്കാന്‍ മിനക്കെടാറില്ല. പൊതുവെ അത്തരത്തിലുള്ള നെടുനീളന്‍ ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് വായിക്കാതെയാണ് എല്ലാ ആപ്പുകളുമായും നമ്മള്‍ എഗ്രീ ചെയ്യാറുള്ളത്. നിങ്ങളുടെ ചിത്രങ്ങള്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന് എവിടെയും പറയുന്നില്ല. പക്ഷേ, ടേംസ് ആന്‍ഡ് കണ്ടീഷന്‍സുമായി നിങ്ങള്‍ എഗ്രി ചെയ്യുമ്ബോള്‍ നിങ്ങള്‍ ഫേസ് ആപ്പില്‍ അപ് ലോഡ് ചെയ്യുന്ന ഏത് ഫോട്ടോയും എന്തിനും ഉപയോഗിക്കാനുള്ള അനുമതിയാണ് നിങ്ങള്‍ നല്‍കുന്നത്. അത് അവര്‍ക്ക് വേണമെങ്കില്‍ മൂന്നാമതൊരു പാര്‍ട്ടിക്ക് വില്‍ക്കാം. ഒരിക്കല്‍ നിങ്ങള്‍ ഫേസ് ആപ്പില്‍ ചിത്രം അപ് ലോഡ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഒരിക്കല്‍ പോലും ആ ചിത്രങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് വ്യക്തം. അതുകൊണ്ടു തന്നെ ഫേസ് ആപ്പിനെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്ന് യു എസ് സെനറ്റര്‍ ആവശ്യപ്പെടുന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.

    No comments

    Post Top Ad

    Post Bottom Ad