Header Ads

  • Breaking News

    മഴ ശക്തം; മരണസംഖ്യ ഉയര്‍ന്നു, വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു


    തിരുവനന്തപുരം : 
    മഴക്കെടുതികളില്‍ സംസ്ഥാനത്തു 3 പേര്‍ കൂടി മരിച്ചു. ഒരാളെ കാണാതായി. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം കാക്കൂരില്‍ വയലിലെ വെള്ളക്കെട്ടില്‍ വീണ് രാമല്ലൂര്‍ പുതുകുളങ്ങര കൃഷ്ണന്‍കുട്ടി (65) മരിച്ചു. ഞായറാഴ്ച രാത്രി വീട്ടിലേക്കു മടങ്ങവേ കാല്‍ വഴുതി വീഴുകയായിരുന്നു. മലപ്പുറത്ത് താനാളൂര്‍ വെള്ളിയത്ത് മുസ്തഫയുടെ മകന്‍ ലബീബ് (20) പുഴയില്‍ ഒഴുക്കില്‍പെട്ടു മരിച്ചു. കണ്ണൂര്‍ പയ്യന്നൂര്‍ കുഞ്ഞിമംഗലം കിഴക്കാരിയില്‍ ചന്ദേക്കാരന്‍ രവിയുടെ മകന്‍ റിദുല്‍ (22) കുളത്തില്‍ വീണു മരിച്ചു.
    സംസ്ഥാനത്ത് 26 ദുരിതാശ്വാസ ക്യാംപുകളിലായി 1519 പേരാണ് കഴിയുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്തു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ല. സംസ്ഥാനത്ത് ഇന്നലെ 11 വീടുകള്‍ പൂര്‍ണമായും 102 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
    ഇരിട്ടിയില്‍ ജീപ്പ് പുഴയിലേക്കു മറിഞ്ഞു കാണാതായ കോളിത്തട്ട് കാരിത്തടത്തില്‍ ലിതീഷിനായി നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നു. ജീപ്പ് കണ്ടെത്തി. ഇരിട്ടി മണിക്കടവ് മാട്ടറ ചപ്പാത്ത് പാലം കടക്കുമ്പോഴാണ് ജീപ്പ് ഒഴുക്കില്‍പെട്ടത്.
    നാളെ കണ്ണൂരും കാസര്‍കോടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്  ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതോടൊപ്പം മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

    No comments

    Post Top Ad

    Post Bottom Ad