Header Ads

  • Breaking News

    നിപ പ്രതിരോധം: കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി


    കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധ. കേരളത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എയിംസില്‍ നിന്നുള്ള സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. നിപ ചികിത്സക്കുള്ള മരുന്ന് ഉടന്‍ വിമാനത്തില്‍ കേരളത്തിലെത്തിക്കും. കേരളത്തില്‍ മാത്രമല്ല കേന്ദ്രത്തിലും കണ്‍ട്രോള്‍ റൂം തുറക്കാനും തീരുമാനമായി. ഇത് വഴി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ഏകോപിക്കാനാകുമെന്നാണ് കേന്ദ്ര മന്ത്രി അറിയിച്ചത്.
    ആശങ്കയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന വിലയിരുത്തലാണ് കേരള സര്‍ക്കാരും കേന്ദ്രവും നല്‍കുന്നത്്. കേരളം ആവശ്യപ്പെടുന്ന എന്ത് സഹായവും ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. ആരോഗ്യ മന്ത്രി കെ. കെ ശൈലജയുമായി കേന്ദ്ര ആരോഗ്യമന്ത്രി നിരന്തര ആശയ വിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കേന്ദ്രത്തിലെ ആരോഗ്യ സെക്രട്ടറിമാരുടെ യോഗം വിളിച്ചും സ്ഥിതി വിലയിരുത്തുന്നുണ്ട്.
    അതേസമയം, എറണാകുളത്ത് ചികിത്സയിലുള്ള യുവാവുമായി ഇടപഴകിയ 86 പേര്‍ക്ക് ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. രോഗിയുമായി ഇടപഴകിയ ഈ 86 പേരും വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. 14 ദിവസത്തേയ്ക്ക് വീടുകളില്‍ ഒറ്റയ്ക്കു കഴിയണം.
    നിപ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 5 ദിവസം മുതല്‍ 14 ദിവസം വരെ ആയതിനാലാണ് അവര്‍ക്ക് ഇത്രയും ദിവസം ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത്.

    No comments

    Post Top Ad

    Post Bottom Ad