Header Ads

  • Breaking News

    പി. എസ്.സി ഈ പ്രായോഗിക പരീക്ഷകള്‍ ഒഴിവാക്കുന്നു


    പി.എസ്.സി. പരീക്ഷയ്ക്ക് പ്രായോഗിക യോഗ്യതകള്‍ ഒഴിവാക്കുന്നു. സൈക്കിള്‍ ഓടിക്കല്‍ പോലെയുള്ള പ്രായോഗിക പരീക്ഷകളാണ് ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്്. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരവകുപ്പ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. സൈക്കിള്‍ ഓടിക്കല്‍, ഫോട്ടോഗ്രാഫി, സിനിമാ പ്രൊജക്ഷന്‍ തുടങ്ങിയ യോഗ്യതകളാണ് ഒഴിവാക്കുന്നത്. ഇതിനായി വിശേഷാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ്ജെന്‍ഡറുകളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണിത്.
    പി.എസ്.സി. നടത്തുന്ന യോഗ്യതാ നിര്‍ണയ പരീക്ഷകളില്‍നിന്ന് സൈക്കിള്‍ ഓടിക്കല്‍ ഒഴിവാക്കി ആവശ്യമെങ്കില്‍ ഇരുചക്രവാഹനം ഓടിക്കുന്നതിനുള്ള പ്രായോഗികക്ഷമതാ നിര്‍ണയം ഉള്‍പ്പെടുത്തണമെന്ന് ശുപാര്‍ശയിലുണ്ട്. അംഗപരിമിതര്‍ക്ക് ‘സൈഡ് വീല്‍ ഘടിപ്പിച്ച വാഹനം’ എന്ന് വ്യവസ്ഥ ചെയ്യണമെന്നും സമിതിയുടെ ഏഴാം റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പി.എസ്.സി.യുടെ ഉപദേശം തേടിയിരുന്നു.
    കാലഹരണപ്പെട്ട പ്രായോഗിക പരീക്ഷാരീതികള്‍ വിശേഷാല്‍ ചട്ടങ്ങളില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതുകൊണ്ട് പല തസ്തികകളിലും തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്നായിരുന്നു പി.എസ്.സി.യുടെ മറുപടി. ഇത്തരം തസ്തികകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതകളിന്മേലുള്ള ഭേദഗതി വരുത്തേണ്ടത് അതത് വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും വിശേഷാല്‍ ചട്ടങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് വിശേഷാല്‍ ചട്ടങ്ങള്‍ ഭേദഗതിചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയത്. കരട് ഭേദഗതി നിര്‍ദേശം പി.എസ്.സി. ഉപദേശത്തിനായി ഉടന്‍ നല്‍കണമെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാരവകുപ്പ് കര്‍ശനനിര്‍ദേശം നല്‍കി.

    No comments

    Post Top Ad

    Post Bottom Ad