Header Ads

  • Breaking News

    കിയാല്‍ - ഇന്‍ഡിഗോ തര്‍ക്കം പരിഹരിക്കാന്‍ ധാരണയായി



    മട്ടന്നൂര്‍: 
    കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ചെക്ക് ഇന്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് കിയാലും ഇന്‍ഡിഗോ വിമാനക്കമ്ബനിയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍ക്കാന്‍ വഴി തെളിയുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ ധാരണയായത്. ബാഗേജ് റീകണ്‍സിലിയേഷന്‍ സിസ്റ്റം (ബി.ആര്‍.എസ്.) ഉപയോഗിക്കുന്നത് സംബന്ധിച്ച കരാറില്‍ ഇന്‍ഡിഗോ ഒപ്പിടാതിരുന്നതാണ് തര്‍ക്കത്തിനു കാരണമായത്.
    കരാര്‍ ഏതു രീതിയില്‍ വേണമെന്നത് സംബന്ധിച്ച്‌ രണ്ടു ദിവസത്തിനകം കിയാലും ഇന്‍ഡിഗോയും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തും. കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങാത്ത തരത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാണ് യോഗത്തില്‍ ധാരണയായത്. സിറ്റ എന്ന ഏജന്‍സിയാണ് കണ്ണൂരില്‍ പാസഞ്ചര്‍ ചെക്ക് ഇന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ബി.ആര്‍.എസ്. ഉപയോഗിക്കുന്നത് സംബന്ധിച്ച കരാറില്‍ 30നകം ഇന്‍ഡിഗോ ഏര്‍പ്പെട്ടില്ലെങ്കില്‍ സര്‍വീസുകള്‍ തുടരാനാകില്ലെന്ന നിലപാട് കിയാല്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കണ്ണൂരില്‍ കരാര്‍ ഒപ്പിട്ടാല്‍ മറ്റു വിമാനത്താവളങ്ങളിലും ഇത് ആവശ്യമായി വരുമെന്ന് കാണിച്ച്‌ ഇന്‍ഡിഗോ വഴങ്ങാന്‍ തയാറായില്ല.
    കേന്ദ്ര ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കിയാല്‍ എം.ഡി.വി.തുളസീദാസ്, സി.ഒ.ഒ. ഉത്പല്‍ ബറുവ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.പി. ജോസ്, ഇന്‍ഡിഗോ കമ്ബനി പ്രതിനിധികള്‍, എയര്‍ പോര്‍ട്ട് അതോറിറ്റി, ഡി.ജി.സി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad