കണ്ണൂര്‍: 
കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിംഗിനായുള്ള യുഡിഎഫിന്റെ ആവശ്യം.
കണ്ണൂരിലെ തളിപ്പറമ്ബ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തളിപ്പറമ്ബ് മണ്ഡലത്തിലെ 171-ാം ബൂത്തില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിത ബഹളം ഉണ്ടാക്കി കള്ളവോട്ട് ചെയ്തുവെന്നും, 172-ാം നമ്ബര്‍ ബൂത്തില്‍ വിദേശത്തുള്ളവരുടെയടക്കം 25 കള്ളവോട്ടുകള്‍ ചെയ്തുവെന്നുമാണ് കോണ്‍ഗ്രസിന്റെ പോളിങ് ഏജന്റ് നാരായണന്‍ ആരോപിക്കുന്നത്.
ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തില്‍ കളക്ടര്‍മാരുടെ റിപ്പോര്‍ട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും.പിലാത്തറ എ.യുപി സ്‌കൂളിലെ ബൂത്തുകളില്‍ കള്ളവോട്ട് നടന്നുവെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച്‌ കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ആരോപണം. ചെറുതാഴം പഞ്ചായത്ത് അംഗവും മുന്‍ അംഗവും കള്ളവോട്ട് ചെയ്തുവെന്നുമായിരുന്നു ദൃശ്യങ്ങളുടെ സഹായത്തോടെ കോണ്‍ഗ്രസ് ആരോപിച്ചത്.

കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിംഗ് നടന്നത്. അതില്‍ 100 ബൂത്തുകളില്‍ റീപോളിംഗ് വേണമെന്നാണ് യുഡിഎഫ് ആവശ്യമുന്നയിക്കുന്നത്. തൃക്കരിപ്പുര്‍, കല്യാശ്ശേരി, പയ്യന്നൂര്‍,കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളിലെ ചില ബൂത്തുകളിലാണ് റീപോളിംഗ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. റീപോളിംഗ് നടക്കുന്ന ബൂത്തുകളില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നും പോളിംഗ് ഉദ്യോഗസ്ഥരായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു. റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ ജില്ലാ കളക്ടറെ കാണും.
കാസര്‍കോട് മണ്ഡലത്തിലുള്‍പ്പെടുന്ന പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതിനെ കുറിച്ച് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. റിപ്പോര്‍ട്ട ്ഇന്നു തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു കൈമാറുമെന്നാണ് സൂചന. വിഷയത്തിലെ തുടര്‍നടപടികള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ സ്വീകരിക്കും.