Header Ads

  • Breaking News

    ജില്ലയില്‍ ശര്‍ക്കര(വെല്ലം) വില്‍പന നിരോധനം; നടപടി മാരകവിഷം കണ്ടെത്തിയതിനെ തുടര്‍ന്ന്

    കണ്ണൂർ:
    ജില്ലയിൽ ശർക്കര (വെല്ലം) നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി. അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടെത്തിയതിനെ തുടർന്നാണ് തമിഴ്‌നാട്ടിൽ നിന്നും കർണ്ണാടകത്തിൽ നിന്നും ജില്ലയിൽ വിതരണത്തിനെത്തിയ വെല്ലം നിരോധിച്ചതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ സി.എ. ജനാർദ്ദനൻ ‘ മറുനാടൻ മലയാളിയോട് ‘ പറഞ്ഞു. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റെയ്ഡിലാണ് അതിമാരകമായ രാസവസ്തു സാന്നിധ്യമുള്ള വെല്ലം കണ്ടെത്തിയത്.

    ഈ സംഭവത്തോടെ വെല്ലത്തിന്റെ വിൽപ്പന കണ്ണൂരിലെ വ്യാപാരികൾ നിർത്തിവെച്ചിരിക്കയാണ്. തുണികൾക്ക് ചായത്തിന് ഉപയോഗിക്കുന്ന റോഡാമിൻ ബി, ബ്രില്യന്റ് ബ്ലു തുടങ്ങിയ വിവിധ ഇനം നിറങ്ങളുടേയും രാസവസ്തുക്കളുടേയും ചേരുവയാണ് പരിശോധനയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്.

     റോഡമിൻ ബി ദേഹത്ത് തട്ടിയാൽ ചർമ്മാർബുദ്ദത്തിന് സാധ്യതയുണ്ടെന്നും എന്നാൽ ഇത് ചേർത്ത വെല്ലം ശരീരത്തിനികത്തെത്തിയാൽ മാരക കാൻസർ പിടിപെടാൻ വഴിവെക്കുമെന്നും ഭക്ഷ്യസുരക്ഷാ അധികൃതർ പറയുന്നു. റോഡാമിൻ ബിയും ബ്രില്യന്റ് ബ്ലൂയും ചേർത്ത മിശ്രിതം ശർക്കരക്ക് മഞ്ഞ ഉൾപ്പെടെയുള്ള നിറങ്ങൾ നൽകും.

    ഉപഭോക്താക്കൾ നല്ല നിറമുള്ള വെല്ലം തിരഞ്ഞെടുക്കുന്നതാണ് ഇത്തരം നിറങ്ങളിൽ വെല്ലം കേരളത്തിലെത്താൻ കാരണമാവുന്നത്. കറുത്ത വെല്ലത്തിൽ ഇത്തരം രാസവസ്തുക്കളുടെ സാന്നിധ്യം പ്രത്യക്ഷമായി കണ്ടിട്ടില്ല. കോയമ്പത്തൂരും പരിസരത്തും കൃത്യമായ മേൽവിലാസം പോലുമില്ലാത്തവരാണ് വെല്ലം ഉത്പ്പാദിപ്പിക്കുന്നത്.

    മഹാഭൂരിപക്ഷത്തിനും ഭക്ഷ്യ വസ്തു ഉണ്ടാക്കാനുള്ള അനുമതിപോലുമില്ല. എന്നാൽ മലിനമായ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉത്പ്പാദിപ്പിക്കുന്ന വെല്ലം അവിടെ മൊത്ത കച്ചവടക്കാർ വാങ്ങി കേരളത്തിൽ വിതരണം ചെയ്യുകയാണ് പതിവ്.

    No comments

    Post Top Ad

    Post Bottom Ad