Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി.


    കണ്ണൂർ:
    വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ വിമാനത്താവളങ്ങളിൽ കൂടുതൽ സർവീസുകൾ എർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സി.ഇ.ഒ മാരുമായി നടത്തിയ യോഗത്തിലാണ് ഉറപ്പുലഭിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്ക് മറ്റു വിമാനത്താവളങ്ങളിലേക്കാൾ അമിതനിരക്ക് ഈടാക്കുന്നത് കുറയ്ക്കാൻ എയർ ഇന്ത്യ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ കണ്ണൂരിൽ  നിന്നുള്ള അമിത നിരക്കുകൾ കുറയ്ക്കാൻ നിർദേശം നൽകിയതായി എയർ ഇന്ത്യ സി.എം.ഡി  മുഖ്യമന്ത്രിയെ അറിയിച്ചു.

    കണ്ണൂരിൽ നിന്നും  ഗൾഫ് രാജ്യങ്ങളായ ദുബായ്, ഷാർജ, അബുദാബി, മസ്‌ക്കറ്റ്, ദോഹ, ബഹ്‌റൈൻ, റിയാദ്, കുവൈത്ത്, ജിദ്ദ തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ സർവീസുകൾ ആവശ്യമാണെന്നും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.  സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലേക്ക് വർധിച്ച ആവശ്യമുണ്ട്.

    നിലവിൽ എയർ ഇന്ത്യാ എക്‌സ്പ്രസാണ് നാലു അന്താരാഷ്ട്ര സർവീസുകൾ കണ്ണൂരിൽ നിന്ന് നടത്തുന്നത്.
    കണ്ണൂരിൽ നിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല. സിവിൽ ഏവിലേഷൻ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനം പുനഃപരിശോധിക്കണം.

    രാജ്യത്തെ മറ്റു പ്രമുഖ നഗരങ്ങളുമായും കണ്ണൂരിൽ നിന്നുള്ള വ്യോമബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഡെൽഹിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള സർവീസുകൾ ഇതിൽ പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വിമാന സർവ്വീസുകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ കമ്പനി പ്രതിനിധികൾ യോഗത്തിൽ അവതരിപ്പിച്ചു

    എയർ ഇന്ത്യ

    വടക്കേ ഇന്ത്യയിലെ പ്രമുഖ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ ആഭ്യന്തര സർവീസുകൾ വേനൽക്കാല ഷെഡ്യൂളിൽ ആരംഭിക്കും.

    എയർ ഇന്ത്യാ എക്‌സ്പ്രസ്

    കണ്ണൂരിൽ നിന്ന് മൂന്നു രാജ്യങ്ങളിലേക്ക് കൂടി മാർച്ചോടെ സർവീസ് ആരംഭിക്കും. ബഹ്‌റൈൻ, കുവൈത്ത്, മസ്‌ക്കറ്റ് എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.
    തിരുവനന്തപുരം- കണ്ണൂർ സർവീസിനുള്ള സാധ്യതയും എയർ ഇന്ത്യ എക്സ്പ്രസ് പരിശോധിക്കും.

    ഇൻഡിഗോ എയർലൈൻസ്

    കണ്ണൂരിൽ നിന്ന് ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഹൂബ്‌ളി, ഗോവ എന്നിവിടങ്ങളിലേക്ക് ജനുവരി 25ന് സർവീസ് ആരംഭിക്കും.
    കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സർവീസ് മാർച്ച് അവസാനം. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് മാർച്ചിൽ സർവീസ് തുടങ്ങും.
    രണ്ടു മാസങ്ങൾക്കുള്ളിൽ ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നത് പരിഗണിക്കും

    ഗോ എയർ

    കണ്ണൂരിൽനിന്ന് ബംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കും മസ്‌ക്കറ്റിലേക്കും സർവീസ് ആരംഭിക്കും.

    സ്‌പൈസ് ജെറ്റ്

    ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കും.

    കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് വിദേശ വിമാനക്കമ്പനികളുടെ പ്രതിനിധികളും അറിയിച്ചു.

    എയർ ഏഷ്യ

    ആസിയാൻ രാജ്യങ്ങളിലേക്ക് എവിടേക്കും നിയന്ത്രണങ്ങൾ ഇല്ലാതെ സർവ്വീസ് നടത്താവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിൽ കണ്ണൂരിനെ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു.

    സംസ്ഥാനത്ത് നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ മികച്ച ഇടപെടലാണ് നടത്തുന്നതെന്ന് യോഗത്തിൽ  പങ്കെടുത്ത കേന്ദ്ര സിവിൽ ഏവിയേഷൻ സെക്രട്ടറി അറിയിച്ചു. പത്ത് ആഭ്യന്തര കമ്പനികളുടെയും 12 അന്താരാഷ്ട്ര കമ്പനികളുടേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad