Header Ads

  • Breaking News

    ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


    പയ്യന്നൂര്‍:
    ലോറികള്‍ക്ക് പിന്നില്‍ ഗ്യാസ് ടാങ്കര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്.ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്നാട് പുത്തൂര്‍ സ്വദേശി ശെല്‍വന്‍(33) ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശി രവീന്ദ്രന്‍(34)എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലും സഹായി ബാലചന്ദ്രനെ(34) പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
    ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ദേശീയപാതയില്‍ വെള്ളൂര്‍ പുതിയങ്കാവ് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം.
    പിവിസി പൈപ്പുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന രണ്ട് ലോറികള്‍ക്ക് പിന്നിലേക്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ ഗ്യാസുമായി പോകുന്ന ടാങ്കര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.

    മുന്നില്‍ പോയിരുന്ന എംഎച്ച് 19 ഇസഡ് 6798 ലോറി പെട്ടെന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് തൊട്ടുപിന്നാലെ പൈപ്പുമായി എത്തിയ എംഎച്ച് 16 എഇ 6076 ലോറിയും മുന്നിലെ ലോറിയിലിടിച്ച് നിന്നിരുന്നു.ഇതേ തുടര്‍ന്ന് പിന്നിലായി വന്നിരുന്ന കെഎ 01 എഎ 2597 നമ്പര്‍ ടാങ്കര്‍ ലോറി നടുവിലുണ്ടായിരുന്ന ലോറിക്ക് പിറകിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
    പൂര്‍ണ്ണമായി തകര്‍ന്ന ടാങ്കര്‍ ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ശെല്‍വനെ പുറത്തെടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു.

    അസി.സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗോഗുല്‍ദാസിന്റെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്സ് ഹൈഡ്രോളിക് ഗ്യാസ് കട്ടര്‍,സ്പ്രൈഡര്‍ എന്നിവ ഉപയോഗിച്ച് കാബിന്‍ മുറിച്ച് മാറ്റിയാണ് സെല്‍വനെ പുറത്തെടുത്ത്ആശുപത്രിയിലെത്തിച്ചത്

    അതിനിടയില്‍ അപകടത്തില്‍ പരിക്കേറ്റ് അവശനിലയിലായ ടാങ്കറിന്റെ ഡ്രൈവര്‍ക്ക് ഉടനടി വൈദ്യസഹായം ലഭ്യമാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
    പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും വാഹനവുമായി പോലീസ് എത്തിയെങ്കിലും ഡോക്ടര്‍മാര്‍ പോകാന്‍ തയ്യാറാകാതിരുന്നതാണ് ഇതിന് തടസമായത്.അനുമതിയില്ലാതെ പോകാനാകില്ല എന്നതിനാലാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പോകാന്‍ വിസമ്മതിച്ചതെന്നറിയുന്നു.

     ടാങ്കര്‍ ലോറിയുടെ ഇടിയേറ്റ ലോറി മുന്നിലെ ലോറിയിലിടിച്ചതിനെ തുടര്‍ന്ന് ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നു.മധ്യത്തിലുണ്ടായിരുന്ന ഈ ലോറിയുടെ ഡ്രൈവറാണ് പരിക്കേറ്റ രവീന്ദ്രന്‍.ടാങ്കര്‍ ലോറിയില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്.അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിലെ വാഹനങ്ങള്‍ പോലീസ് കോത്തായിമുക്ക് ചീമേനി വഴി തിരിച്ച് വിടുകയായിരുന്നു. അപകടത്തില്‍ പെട്ട വാഹനങ്ങള്‍ നീക്കം ചെയ്ത് രാവിലെ ആറോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

    No comments

    Post Top Ad

    Post Bottom Ad