Header Ads

  • Breaking News

    കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള ചൊറുക്കള-ബാവുപറമ്പ് റോഡ് നാലുവരിപ്പാതയാക്കുന്നു, സര്‍വ്വേ ഉടന്‍ ആരംഭിക്കും

    കുറുമാത്തൂര്: കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ചൊറുക്കള-ബാവുപറമ്പ് റോഡ് നാലുവരി പാതയാക്കി ഉയര്‍ത്തുന്നു. പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞ ഈ റോഡില്‍ കഴിഞ്ഞ ഏറെ വര്‍ഷങ്ങളായി യാത്രക്കാര്‍ ദുരിതമനുഭവിച്ചു വരികയാണ്. ആലക്കോട്, ശ്രീകണ്ഠാപുരം ഭാഗത്തുള്ളവര്‍ക്ക് വിമാനത്താവളത്തിലേക്ക് വേഗത്തിലും എളുപ്പത്തിലും എത്താവുന്ന റോഡാണിത്. ആലക്കോട് ഭാഗത്തുള്ളവര്‍ക്ക് തളിപ്പറമ്പ്-മന്ന റോഡ് വഴി പോകുന്നതിനെക്കാള്‍ എട്ട് കിലോമീറ്റര്‍ ഈ റോഡിലൂടെ ലാഭിക്കാം. നിലവില്‍ രണ്ടുവരിപാതയുള്ള റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വര്‍ഷങ്ങളായി മെക്കാര്‍ഡം ടാറിങ് നടത്താത്ത റോഡിന്റെ മഞ്ചാല്‍ ഭാഗത്താണ് കൂടുതലായി പൊട്ടിപ്പൊളിഞ്ഞിരിക്കുന്നത്. ഇതോടെ പൊടിശല്ല്യത്തിനു പുറമേ അപകടവും ഈ ഭാഗത്തു വര്‍ധിച്ചു വരികയാണ്. രാത്രികാലങ്ങളില്‍ ഇരുചക്രവാഹനം കുഴിയില്‍ വീണ് മറിഞ്ഞു വീഴുന്നതും പതിവാണ്. കണ്ണൂര്‍, ധര്‍മ്മശാല, പറശ്ശിനിക്കടവ് തുടങ്ങിയ സ്ഥലത്തേക്കുള്ള വാഹനങ്ങള്‍ ചൊറുക്കള-ബാവുപറമ്പ് റോഡ് വഴിയാണ് പോകുന്നത്. ബസ് സര്‍വീസ് ഇല്ലെങ്കിലും നിരവധി യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡ് നാലുവരിപാതയാക്കുന്നത് ഏറെ ഗുണം ചെയ്യും. മഴക്കാലമായാല്‍ വെള്ളം വന്നുനിറയുന്ന റോഡുകൂടിയാണിത്. ഇതിനു പുറമേ സമീപത്തെ ചെങ്കല്‍ പണയിലേക്കും കുന്നിടിച്ച് മണല്‍ കൊണ്ടുപോകുന്നതിനും ലോറികള്‍ കൂടുതലായി ഇതിലൂടെയാണ് പോകുന്നത്. ഭാരം കയറ്റിയുള്ള ഇത്തരം വാഹനങ്ങള്‍ പതിവായി പോകുന്നത്‌കൊണ്ടാണ് റോഡ് തകരുത്. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതിനു പിന്നാലെയാണ് മട്ടന്നൂര്‍ ഭാഗത്തേക്കുള്ള ഈ റോഡ് നാലുവരിപ്പാതയാക്കാന്‍ തീരുമാനമുണ്ടായത്. ഇതോടെയാണ് പി.ഡബ്ല്യൂ.ഡി വര്‍ക്ക് ഏറ്റെടുത്ത് സര്‍വേ നടപടി ആരംഭിക്കുന്നത്. അടുത്ത ആഴ്ചയോടെ ചൊറുക്കള-ബാവുപറമ്പ് റോഡ് നാലുവരി പാതയാക്കുന്നതിനുള്ള നടപടി ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി വളപട്ടണം ഡിവിഷന്‍ അസി.എന്‍ജിനീയര്‍ സുജിത്ത് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad