കോട്ടയത്തെ കാറപകടം ആത്മഹത്യാശ്രമമെന്ന് യുവാവ് ; വാഹനങ്ങള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; 10 പേര്‍ക്ക് പരിക്ക്, ഏഴ് വാഹനങ്ങള്‍ തകര്‍ന്നു, 27-കാരൻ അറസ്റ്റില്‍
ദേശീയപാത 183-ല്‍ ചോറ്റിയില്‍ വാഹനങ്ങള്‍ക്കിടയിലേക്ക് അമിതവേഗത്തില്‍ കാറോടിച്ച് ഇടിച്ചുകയറ്റിയ സംഭവം ആത്മഹത്യാശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ഡ്രൈവർ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തില്‍ കുട്ടിക്കല്‍ പുത്തൂർ സ്വദേശിയായ ശാരോണ്‍ ഫിലിപ്പ് (27) അറസ്റ്റിലായി. മനഃപൂർവമുള്ള നരഹത്യാശ്രമം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 8.15-ഓടെയായിരുന്നു ചോറ്റി ജങ്ഷനില്‍ അപകടമുണ്ടായത്. സംഭവത്തില്‍ പത്തുപേർക്കാണ് പരിക്കേറ്റത്. കൂട്ടിക്കല്‍ സ്വദേശികളായ മഠത്തില്‍ അൻസാരി (65), സഹില്‍ (31), മടുക്ക മരുതുംവയലില്‍ ശ്യാംജിത്ത് (35), ഭാര്യ ശാലിനി (30), മക്കളായ അദ്വൈത് (9), ആവണി (4), ചോറ്റി ഇല്ലക്കുളത്ത് രാജൻ (65), കൊച്ചുമക്കളായ രേവന്ത് (12), ശ്രേവന്ദ് (11), ചോറ്റി പ്ലാമുട് സ്വദേശി രാജു (71) എന്നിവരാണ് പരിക്കേറ്റത്.
പരിക്കേറ്റവരില്‍ മൂന്നുപേർ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം മടങ്ങി. അപകടത്തില്‍ അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും സ്കൂട്ടറും ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. അപകടത്തെത്തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.
No comments
Post a Comment