മലബാറിലെ രാത്രികാല യാത്രാദുരിതത്തിന് അറുതിയാകുന്നു;കണ്ണൂർ എക്സിക്യൂട്ടീവ് ഇനി കാസർകോട്ടേക്ക്
വൈകീട്ട് 3:50-ന് ആലപ്പുഴയിൽനിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ വൈകീട്ട് 5:08-ന് എറണാകുളം ജങ്ഷനിലും 5:23-ന് എറണാകുളം ടൗണിലുമെത്തി രാത്രി 10:22-ഓടെ കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് നിലവിലുള്ളത്. എന്നാൽ, രാത്രി 12:10-ഓടെ കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്നതിനാൽ പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട് ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രികർ അർധരാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കേണ്ട ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. സർവീസ് കാസർകോട്ടേക്ക് ദീർഘിപ്പിക്കുന്നതോടെ കണ്ണൂരിനും കാസർഗോഡിനും ഇടയിലുള്ള പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രധാന സ്റ്റേഷനുകളിലെല്ലാം ട്രെയിൻ നിർത്തുമെന്നത് മലബാറിലെ യാത്രക്കാർക്ക് ഇരട്ടി മധുരമാകുന്നു.
ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷന് കീഴിൽ ആവശ്യമായ സാങ്കേതിക പരിശോധനകളും സമയക്രമീകരണ നടപടികളും പൂർത്തിയാക്കിയ ശേഷമാകും കാസർകോട്ടേക്കുള്ള സർവീസ് ഔദ്യോഗികമായി ആരംഭിക്കുക. എറണാകുളം ഭാഗത്തുനിന്ന് രാത്രികാലങ്ങളിൽ മലബാറിലേക്ക് കൂടുതൽ ട്രെയിൻ സർവീസുകൾ വേണമെന്ന ജനങ്ങളുടെ ദീർഘകാല ആഗ്രഹമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്
No comments
Post a Comment