ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരം ഇന്ന് കൊല്‍ക്കത്തയില്‍; വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്ബോള്‍ മല്‍സരത്തിനായി ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇതാദ്യമായാണ് ഇന്ത്യയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇന്ന് നടക്കുന്ന ഈ പോരാട്ടത്തില്‍ വന്‍ ജനക്കൂട്ടവും ബ്രസീലിന്റെ സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയിലാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പശ്ചിമ ബംഗാള്‍ ഡിജിപി സിദ്ധ നാഥ് ഗുപ്ത വ്യക്തമാക്കി. സുരക്ഷ ഉറപ്പാക്കുന്നതിനായി 2,500 പോലിസ് ഉദ്യോഗസ്ഥരെയും 20 ഐപിഎസ് ഉദ്യോഗസ്ഥരെയും വിവിധ റാങ്കുകളിലുള്ള 200-ഓളം ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്
കൂടാതെ, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ കേന്ദ്ര സേനയെ റിസര്‍വായി നിര്‍ത്തിയിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ ത്രീ ടയര്‍ സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കാണികള്‍ക്കായി ആദ്യമായി നമ്പറിട്ട സീറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും, മല്‍സരം ആരംഭിക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വിനീഷ്യസ് ജൂനിയര്‍, മാര്‍ക്വിന്യോസ്, ബ്രൂണോ ഗിമറെസ്, എന്‍ഡ്രിക് തുടങ്ങിയ താരങ്ങളെല്ലാം ബ്രസീല്‍ നിരയില്‍ അണിനിരക്കും. 2025 ഡിസംബറില്‍ 'ഗോട്ട് ഇന്ത്യ ടൂറി'ന്റെ ഭാഗമായി ലയണല്‍ മെസ്സിയും ഇന്റര്‍ മയാമി സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരും ഈ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ പ്രശ്നങ്ങളും സംഘര്‍ഷവും ഉണ്ടായിരുന്നു. വിഐപികളും സെല്‍ഫി പ്രേമികളും മെസ്സിയെ വളഞ്ഞതിനെ തുടര്‍ന്ന് 15 മിനിറ്റ് മാത്രം ഗ്രൗണ്ടില്‍ ചെലവഴിച്ച് അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു. തുടര്‍ന്ന് കോപാകുലരായ കാണികള്‍ ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറുകയും സ്റ്റേഡിയത്തിലെ കസേരകളും ബാരിക്കേഡുകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ ചില പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
No comments
Post a Comment