കോടീശ്വരനായ ഭർത്യപിതാവിനെ തീർക്കാൻ മരുമകളുടെ ക്വട്ടേഷൻ; ഫ്ളാറ്റിൽ ഒളിച്ചിരുന്ന് 26 തവണ കുത്തിക്കൊന്നു
ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ ഔഷധ വ്യാപാരിയും കോടീശ്വരനുമായ വിനീത് മിനോച്ച (60) സ്വന്തം ഫ്‌ലാറ്റിനുള്ളിൽ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന ഗൂഢാലോചന. ഭർതൃപിതാവ് കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യമായി പിടിമുറുക്കുകയും വീടിനകത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ച് സ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്തുവെന്ന കടുത്ത അമർഷത്തിൽ മരുമകൾ ആസൂത്രണം ചെയ്ത കൊലപാതകമാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിനീത് മിനോച്ചയെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാൻ 30കാരിയായ മരുമകൾ ഷാലു മിനോച്ച ഘട്ടംഘട്ടമായി മൂന്ന് വ്യത്യസ്ത പദ്ധതികളാണ് മെനഞ്ഞത്.
കല്യാൺപൂർ ഇന്ദിരാനഗറിലെ അതീവ സുരക്ഷയുള്ള രത്തൻ ഓർബിറ്റ് അപാർട്ട്‌മെന്റിലെ സി-104 നമ്പർ ഫ്‌ളാറ്റിൽ സെപ്റ്റംബർ അഞ്ചിന് രാത്രിയാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഒരു പാർട്ടിയിൽ പങ്കെടുക്കാൻ ഭർത്താവ് സുബ്രത് മിനോച്ചയ്ക്കും കുട്ടിക്കുമൊപ്പം ലോഞ്ചിൽ പോയ സമയത്താണ് ഷാലു വാടകക്കൊലയാളികളെ സ്വന്തം വീട്ടിലേക്ക് കടത്തിവിട്ടത്. വീട്ടിൽ വയോധികനായ ഭർതൃപിതാവ് അതിക്രൂരമായി കൊല്ലപ്പെടുമ്പോൾ നഗരത്തിലെ പ്രമുഖ നിശാക്ലബ്ബിൽ ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്തുകൊണ്ട് തന്റെ പങ്ക് സംശയിക്കാതിരിക്കാൻ ഷാലു കൃത്രിമ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് സെപ്റ്റംബർ ആറിന് പുലർച്ചെ വീട്ടിൽ തിരിച്ചെത്തിയ ശേഷം വാതിൽ തുറന്നുകിടക്കുന്നത് കണ്ട് അകത്തുകയറി പൊട്ടിക്കരഞ്ഞുകൊണ്ട് അഭിനയിച്ച മരുമകളെ ഒടുവിൽ ഡിജിറ്റൽ ഫോറൻസിക് തെളിവുകളുടെയും ഫോൺ രേഖകളുടെയും വെളിച്ചത്തിൽ കാൺപൂർ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാൺപൂരിലെ ബിർഹാന റോഡിൽ ഫാർമ ട്രേഡേഴ്‌സ് എന്ന പേരിലുള്ള വൻകിട മരുന്ന് മൊത്തവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു കൊല്ലപ്പെട്ട വിനീത് മിനോച്ച. മകൻ 35കാരനായ സുബ്രത് മിനോച്ചയും ഇതേ ബിസിനസ്സിൽ പിതാവിനൊപ്പം സജീവ പങ്കാളിയായിരുന്നു. എന്നാൽ, കുടുംബത്തിലെ മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും നിയന്ത്രണം വിനീത് മിനോച്ച സ്വന്തം കൈകളിൽ മാത്രമാണ് വച്ചിരുന്നത്. വീട്ടാവശ്യങ്ങൾക്കോ വട്ടച്ചെലവിനോ ഉള്ള ചെറിയ തുകയ്ക്കു പോലും മകനും മരുമകൾക്കും പിതാവിന് മുന്നിൽ കൈനീട്ടേണ്ട അവസ്ഥയായിരുന്നുവെന്ന് ഷാലു പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു.
സുരക്ഷയുടെ പേരിലാണെന്ന് പറഞ്ഞ് ഫ്‌ളാറ്റിന്റെ സ്വീകരണമുറിയിൽ നാല് സിസിടിവി ക്യാമറകൾ വിനീത് മിനോച്ച സ്ഥാപിച്ചു. ഇതോടെ മകന്റെയും മരുമകളുടെയും ഓരോ നീക്കങ്ങളും യാത്രകളും ചെലവുകളും സിസിടിവിയിലൂടെ വിനീത് നിരന്തരം നിരീക്ഷിക്കാൻ തുടങ്ങി. സാമ്പത്തിക സ്വാതന്ത്ര്യം കൂടി നഷ്ടപ്പെട്ടതോടെ വിനീത് മിനോച്ചയെ തീർക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഷാലു തീരുമാനിക്കുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി വെസ്റ്റ്) എസ്.എം ഖാസിം ആബിദി അറിയിച്ചു.
വിനീത് മിനോച്ചയെ ഇല്ലായ്മ ചെയ്യാനുള്ള തന്ത്രങ്ങൾ ഏകദേശം മൂന്ന് മാസം മുൻപ് തന്നെ ഷാലുവിന്റെ മനസ്സിൽ രൂപപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. വിനീതിന്റെ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്തിരുന്ന വിശാൽ ഗൗതം (30) എന്ന യുവാവിനെയാണ് ഇതിനായി ഷാലു സമീപിച്ചത്. ഏകദേശം രണ്ട് ലക്ഷം രൂപയുടെ കടബാധ്യതയിലായിരുന്ന വിശാലിന് മുന്നിൽ ആറ് ലക്ഷം രൂപയാണ് ഷാലു പ്രതിഫലമായി വച്ചുനീട്ടിയത്. കൊലപാതകം വിജയകരമായി പൂർത്തിയാക്കിയാൽ സ്ഥാപനത്തിൽ മികച്ച ജോലി നൽകുമെന്നും വാഗ്ദാനം നൽകിയിരുന്നു.
കൊലപാതകം സ്വാഭാവിക മരണമായി ചിത്രീകരിക്കുക എന്നതായിരുന്നു ആദ്യത്തെ പ്ലാൻ. വിനീത് മിനോച്ച രാത്രിയിൽ സുഖമായി ഉറങ്ങുമ്പോൾ കിടപ്പുമുറിയിൽ കടന്നുകൂടി തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊല്ലാനായിരുന്നു ഷാലു വിശാലിന് നൽകിയ നിർദേശം. പോസ്റ്റ്‌മോർട്ടം പരിശോധനകൾ ഉണ്ടാകാതിരിക്കാനും കേവലം ഹൃദയാഘാതം മൂലം സംഭവിച്ച മരണമായി ബന്ധുക്കളെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനും ഇത് സഹായിക്കുമെന്നായിരുന്നു കണക്കുകൂട്ടിയത്. വിനീത് പുറത്തുപോകുമ്പോൾ ട്രക്കോ മറ്റ് വലിയ വാഹനങ്ങളോ ഇടിപ്പിച്ച് അപകടമരണമാക്കി മാറ്റുകയായിരുന്നു രണ്ടാമത്തെ പദ്ധതി. എന്നാൽ, കൂടുതൽ ദുഷ്ക്കരമായതിനാൽ രണ്ടു പ്ലാനും ഉപേക്ഷിക്കേണ്ടി വന്നു.
ഒടുവിലാണ് ഫ്‌ളാറ്റിനുള്ളിൽ കടന്ന് വിനീതിനെ വകവരുത്താനുള്ള മൂന്നാമത്തെ പദ്ധതിയിലേക്ക് തിരിഞ്ഞത്. ആറ് ലക്ഷം രൂപ ക്വട്ടേഷനിൽ കൊലപാതകത്തിന് ശേഷം രണ്ട് ലക്ഷം രൂപയും 15 ദിവസത്തിനകം ബാക്കി നാല് ലക്ഷം രൂപയും നൽകാമെന്ന ഉറപ്പിൽ വിശാൽ ഗൗതം ഒടുവിൽ പദ്ധതിക്ക് പൂർണമായി സമ്മതം മൂളി. കൃത്യം നടപ്പാക്കാനായി വിശാൽ സുഹൃത്തിനെയും കൂട്ടി.
കൊലപാതകത്തിന് 20 ദിവസം മുൻപ് തന്നെ ഫ്‌ളാറ്റിന്റെ വ്യാജ താക്കോൽ വിശാലിന് കൈമാറി. സെപ്റ്റംബർ അഞ്ചിന് രാത്രി തങ്ങൾ കുടുംബസമേതം ഒരു പാർട്ടിക്ക് പോകുന്നുണ്ടെന്നും ഈ സമയത്ത് കൃത്യം നടപ്പാക്കാമെന്നും ഷാലു വിശാലിനെ മുൻകൂട്ടി അറിയിച്ചു. അപാർട്ട്‌മെന്റിന്റെ മെയിൻ ഗേറ്റിലെ സെക്യൂരിറ്റിക്കാരെ തെറ്റിദ്ധരിപ്പിക്കാനായി, ശിവം എന്ന പേരിൽ പൂമാലയുമായി ഒരാൾ വരും എന്നും അയാളെ പരിശോധനയില്ലാതെ അകത്തേക്ക് വിടണമെന്നും ഷാലു പ്രത്യേകം വിളിച്ചുപറഞ്ഞിരുന്നു.
രാത്രി ഷാലുവും ഭർത്താവും പാർട്ടിക്ക് പുറപ്പെട്ട് മിനിറ്റുകൾക്കകം വ്യാജ താക്കോൽ ഉപയോഗിച്ച് വിശാലും രാജ് കിഷോറും ഫ്‌ളാറ്റിനകത്ത് കയറി മകന്റെ കിടപ്പുമുറിയിൽ ഒളിച്ചിരുന്നു. രാത്രി 10.55ഓടെയാണ് വിനീത് മിനോച്ച തിരിച്ചെത്തിയത്. അകത്ത് കടന്ന് മകന്റെ മുറിയിലെ ലൈറ്റ് ഇട്ട വിനീത് അവിടെ ഒളിച്ചിരുന്ന രണ്ട് പേരെയും കണ്ട് ഞെട്ടി. മുൻ ജീവനക്കാരൻ വിശാലിനെ കണ്ട വിനീത് ചോദ്യം ചെയ്യാൻ തുടങ്ങിയതോടെ കൊലയാളികൾ പരിഭ്രാന്തരായി ആക്രമണം തുടങ്ങി.
കയ്യിൽ കരുതിയിരുന്ന മൂർച്ചയേറിയ കത്തികൾ ഉപയോഗിച്ച് ഇരുവരും ചേർന്ന് വിനീതിനെ ക്രൂരമായി വെട്ടിവീഴ്ത്തി. നെഞ്ചിലും വയറ്റിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 26 തവണയാണ് അവർ കുത്തിയത്. ശബ്ദം പുറത്തുവരാതിരിക്കാൻ വിനീതിന്റെ കഴുത്തറുത്ത് മരണം ഉറപ്പാക്കിയ ശേഷം ഫ്‌ളാറ്റിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്നാണ് കൊലയാളികൾ രക്ഷപ്പെട്ടത്.
No comments
Post a Comment