ക്ഷേത്ര കവർച്ച: 13 വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ
കണ്ണൂർ: കേളകത്തെ ക്ഷേത്രത്തിൽ നിന്ന് കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട ശേഷം 13 വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. സോഷ്യൽ മീഡിയ അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
കൊട്ടിയൂർ സ്വദേശി മലമ്പ്രത്ത് സുനിൽ കുമാർ (50) ആണ് എറണാകുളം തൃപ്പൂണിത്തുറയിൽ നിന്ന് കേളകം പൊലീസ് പിടികൂടിയത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വർഷങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് കണ്ടെത്തിയത്.
2001ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേളകം ശ്രീ മൂർച്ചിലക്കാട്ട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. തുടർനടപടികൾക്കിടെ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്.
വർഷങ്ങൾക്കുശേഷം സ്വന്തം പേരിൽ ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ച് സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതി തൃപ്പൂണിത്തുറയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
കേളകം എസ്.എച്ച്.ഒ മെൽവിൻ വിൻസെന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തൃപ്പൂണിത്തുറയിലെ വീട്ടിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കി.
No comments
Post a Comment