Header Ads

  • Breaking News

    കണ്ണപുരം പാലത്തിലെ അപകടക്കുഴികൾ: അറ്റകുറ്റപ്പണിയില്ലെന്ന് ആരോപിച്ച് ബിജെപി ധർണ


    ചെറുകുന്ന്: കെ. കണ്ണപുരം പാലത്തിന്റെ അപ്രോച്ച് റോഡിലെ അപകടക്കുഴികൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലത്തിന് മുകളിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം സി. നാരായണൻ സമരം ഉദ്ഘാടനം ചെയ്തു.
    രണ്ട് മാസത്തിലേറെയായി പാലത്തിന്റെ അപ്രോച്ച് റോഡിൽ രൂപപ്പെട്ട വലിയ കുഴി മൂലം പ്രദേശത്ത് വാഹനാപകടങ്ങൾ പതിവായിരിക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രത്യേകിച്ച് ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ വീണ് പരിക്കേൽക്കുന്ന സംഭവങ്ങൾ നിരന്തരം ഉണ്ടാകുന്നതായും രാത്രികാലങ്ങളിൽ ആവശ്യമായ വെളിച്ചമില്ലാത്തത് അപകടസാധ്യത വർധിപ്പിക്കുന്നതായും അവർ പറഞ്ഞു.
    പ്രശ്നം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽ പലതവണപ്പെടുത്തിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്
    ബിജെപി കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. ജിജേഷ് അണ്ണാമല, എ.പി. ഗംഗാധരൻ, വിജയൻ മാങ്ങാട്, റജീബ് കല്യാശ്ശേരി, രതീഷ് പൂക്കോട്ടി എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    Post Bottom Ad