Header Ads

  • Breaking News

    ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് ഇന്ത്യയിൽ വിലക്ക് : കേന്ദ്ര സർക്കാർ നിർദേശത്തിൽ നടപടി സ്വീകരിച്ച് യൂട്യൂബ്

    പ്രമുഖ യൂട്യൂബറും കണ്ടന്റ് ക്രിയേറ്ററുമായ ധ്രുവ് റാഠിയുടെ വീഡിയോയ്‌ക്കെതിരെ നടപടി. ധ്രുവ് പോസ്റ്റ് ചെയ്ത വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായി കേന്ദ്ര സർക്കാരും വീഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ യൂട്യൂബും ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഹൈന്ദവ ദൈവങ്ങളെയും ആചാരങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചൂണ്ടിക്കാട്ടി കോടതിയിലെത്തിയ ഹരജിയിലാണു നടപടി.

    ഐ.ടി ആക്റ്റിലെ 69എ വകുപ്പ് പ്രകാരം കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ ഇന്ത്യയിൽ ഉള്ളടക്കം ലഭ്യമല്ല. വീഡിയോ ആഗോളതലത്തിൽ പൂർണമായി ബ്ലോക്ക് ചെയ്യുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് യൂട്യൂബ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.

    ഹൈന്ദവ ദൈവങ്ങളെയും മതവിശ്വാസങ്ങളെയും മോശമായി ചിത്രീകരിക്കുന്നതാണ് ധ്രുവ് റാഠിയുടെ വീഡിയോ എന്ന് ആരോപിച്ച് സമർപ്പിക്കപ്പെട്ട പൊതുതാൽപ്പര്യ ഹരജി പരിഗണിക്കുകയായിരുന്നു ഡൽഹി ഹൈക്കോടതി ബെഞ്ച്. വിഷയം രാജ്യത്തെ കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത്തരം ഉള്ളടക്കങ്ങൾ നിർബാധം പ്രചരിക്കാൻ അനുവദിക്കുന്നത് ക്രമസമാധാന നിലയെ ബാധിക്കുമെന്നും ഹരജിക്കാർ വാദിച്ചു.

    കോടതിയിൽ വാദം നടക്കുന്നതിനിടെ, ഇന്റർനെറ്റിൽനിന്ന് വീഡിയോ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യമാണ് ഉയർന്നത്. തുടർന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ, വിഷയത്തിൽ ഇതിനകം തന്നെ ഇലക്ട്രോണിക്‌സ് ആൻഡ് ഐ.ടി മന്ത്രാലയം ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു. വിവാദപരമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഐ.ടി ആക്റ്റിലെ അടിയന്തര വ്യവസ്ഥകൾ ഉപയോഗിച്ച് ഈ വീഡിയോ ഇന്ത്യയിൽ ലഭ്യമാകാത്ത വിധം നീക്കം ചെയ്യാൻ യൂട്യൂബിനോട് നിർദേശിച്ചിരുന്നതായി അഭിഭാഷകൻ വെളിപ്പെടുത്തി.

    യൂട്യൂബിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ ഉത്തരവ് ലഭിച്ച ഉടൻ തന്നെ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് വീഡിയോ കാണാൻ സാധിക്കാത്ത വിധം 'വിത്ത്ഹെൽഡ്' ചെയ്തിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad