സ്‌കൂളുകളിലും കോളജുകളിലും ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കും; സുപ്രിംകോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം
_ന്യൂഡല്‍ഹി: സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. ഇതിനായുള്ള സമിതി ശിപാര്‍ശ ചെയ്ത പ്രകാരമാണ് സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കുക. സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായും കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ പദ്ധതി നടപ്പാക്കുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രിംകോടതിയെ അറിയിച്ചു.വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ സംസ്ഥാനങ്ങളുടെ നിലപാട് തേടിയിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളും നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍, കോടതിയുടെ അനുമതി ലഭിച്ചാല്‍ രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ തയാറാണെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള 26 അംഗ വിദഗ്ധ സമിതിയാണ് സ്‌കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലൈംഗിക വിദ്യാഭ്യാസം, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ എന്നിവ പാഠ്യപദ്ധതിയുടെ കേന്ദ്ര വിഷയമാകും. സുരക്ഷ, ശരീരഭാഗങ്ങള്‍, ശുചിത്വം, നല്ലതും മോശവുമായ സ്പര്‍ശനങ്ങള്‍ തുടങ്ങിയവ പ്രാഥമികതലം മുതല്‍ പഠിപ്പിക്കും. പോക്‌സോ നിയമത്തെ കുറിച്ച് വ്യക്തമായ അവബോധം വിദ്യാര്‍ഥികളിലുണ്ടാക്കും. പ്രാഥമിക തലം മുതല്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആഴ്ചയില്‍ രണ്ടുതവണ 15 മുതല്‍ 20 മിനിറ്റ് വരെയുള്ള ക്ലാസുകള്‍ നടത്തണം. വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഇതിനായി നിയോഗിക്കണം. മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി കുട്ടികളുടെ വളര്‍ച്ചാ ഘട്ടങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്._
No comments
Post a Comment