ട്രോളിംഗ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷകളുമായി മത്സ്യബന്ധനത്തിന് ബോട്ടുകൾ സജ്ജം
കണ്ണൂർ: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കുന്നതോടെ വലനിറയെ പ്രതീക്ഷകളുമായി മത്സ്യബന്ധനത്തിനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ബോട്ട് ഉടമകളും തൊഴിലാളികളും. ശനിയാഴ്ച പുലർച്ചെ ബോട്ടുകൾ വീണ്ടും കടലിലിറങ്ങും.
ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രമാണ് അനുമതിയുണ്ടായിരുന്നത്. ഇതുമൂലം സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുകയും വിപണിയിൽ മത്സ്യവില ഉയരുകയും ചെയ്തിരുന്നു. ട്രോളിംഗ് പുനരാരംഭിക്കുന്നതോടെ മത്സ്യലഭ്യത വർധിക്കുമെന്നും വിലയിൽ കുറവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അഴീക്കൽ ഹാർബറിലെ ഏകദേശം 190 ചെറുതും വലുതുമായ ബോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് ശനിയാഴ്ച മത്സ്യബന്ധനത്തിനിറങ്ങുക. മറ്റ് ബോട്ടുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ കടലിലിറങ്ങും.
ബോട്ടുകളിൽ അറ്റകുറ്റപ്പണികളും പെയിന്റിംഗും പൂർത്തിയാക്കി ഫിഷിംഗ് ഉപകരണങ്ങൾ, ഇന്ധനം, ഐസ് എന്നിവ നിറച്ച് മത്സ്യബന്ധനത്തിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ട്രോളിംഗ് ആരംഭിക്കുന്നതിനോടനുബന്ധിച്ച് നാട്ടിലേക്ക് പോയ തൊഴിലാളികളും തിരിച്ചെത്തിത്തുടങ്ങിയതായി ബോട്ട് ഉടമകൾ അറിയിച്ചു.
കണവ, കൂന്തൽ, കിളിമീൻ, തളയൻ തുടങ്ങിയ കയറ്റുമതി പ്രാധാന്യമുള്ള മത്സ്യങ്ങൾ ഇത്തവണ ധാരാളമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് മടങ്ങുന്നത്.
No comments
Post a Comment