Header Ads

  • Breaking News

    ഇ20 പെട്രോള്‍ കാരണം വാഹനത്തിന് തകരാര്‍: വാഹന ഉടമയ്ക്ക് അനുകൂല വിധി; നഷ്ടപരിഹാരം നല്‍കണം; രാജ്യത്തെ ആദ്യ ഉത്തരവ്


    ഇ 20 പെട്രോള്‍(20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍) ഉപയോഗിച്ചത് കാരണം വാഹനത്തിന് തകരാറുണ്ടായെന്ന പരാതിയില്‍ ഉപഭോക്താവിന് അനുകൂലവിധി.ഛത്തീസ്ഗഢിലെ റായ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഇ20 പെട്രോളുമായി ബന്ധപ്പെട്ട പരാതിയില്‍ ഉപഭോക്തൃ കമ്മീഷൻ രാജ്യത്ത് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഉത്തരവാണിതെന്നും ദേശീയമാധ്യമമായ ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

    വാഹനത്തിന്റെ തകരാർ പരിഹരിക്കാൻ ചെലവായ തുക വാഹനനിർമാതാവും ഡീലറും നല്‍കണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടത്. ഇതിനുപുറമേ പരാതിക്കാരനുണ്ടായ മാനസികപ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും നിയമനടപടികള്‍ക്ക് ചെലവായ തുക നല്‍കണമെന്നും കമ്മീഷൻ ഉത്തരവിട്ടുണ്ട്.ഇ20 പെട്രോള്‍ ഉപയോഗിച്ചത് കാരണം വാഹനത്തിന് തുടർച്ചയായ എൻജിൻ തകരാറുകളും ഇന്ധനക്ഷമതയില്‍ കുറവും ഉണ്ടായെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. ആവർത്തിച്ച്‌ അറ്റകുറ്റപ്പണി ചെയ്തിട്ടും തകരാറുകള്‍ തീരുന്നില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു. എന്നാല്‍, വാഹന നിർമാതാവും ഡീലറും പരാതിക്കാരന്റെ വാദങ്ങളെ എതിർത്തു. പ്രസ്തുത മോഡല്‍ വാഹനം ഇ20 പെട്രോളിന് അനുയോജ്യമായതാണെന്നായിരുന്നു ഇവരുടെ വാദം. സാധാരണയായ തേയ്മാനം, സർവീസ് പ്രശ്നങ്ങള്‍ എന്നിവയാകാം ഇത്തരം തകരാറുകള്‍ക്ക് കാരണമെന്നും ഇവർ വാദിച്ചു. എന്നാല്‍, കമ്മീഷൻ ഈ വാദങ്ങള്‍ അംഗീകരിച്ചില്ല. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികള്‍ക്ക് ശേഷവും തകരാറുകള്‍ തുടരുന്നത് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെന്ന പരാതിക്കാരന്റെ വാദത്തെ സാധൂകരിക്കുന്നതാണെന്ന് കമ്മീഷൻ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ഇ20 പെട്രോള്‍ ആണ് പമ്പുകളില്‍ ലഭിക്കുന്നത്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് മറ്റൊരു ഓപ്ഷനില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. തുടർന്നാണ് അറ്റകുറ്റപ്പണികള്‍ക്ക് ചെലവായ തുകയും നഷ്ടപരിഹാരവും നല്‍കാൻ കമ്മീഷൻ വിധിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ പലിശസഹിതം നല്‍കണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad