കണ്ണൂര്‍ ആറളം ഫാമില്‍ പട്രോളിങ്ങിനിടെ വനംവകുപ്പിന്റെ വാഹനം കാട്ടാന കുത്തിമറിച്ചു; ജീവനക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കേളകം: കണ്ണൂർ ആറളം ഫാമില്‍ വനംവകുപ്പിന്റെ റാപിഡ് റെസ്പോണ്‍സ് ടീമിന്റെ വാഹനം കാട്ടാന ആക്രമിച്ച് മറിച്ചിട്ടു.
ശനിയാഴ്ച പുലർച്ചെ പട്രോളിങ് നടത്തുന്നതിനിടെയായിരുന്നു സംഭവം. സ്ഥിരം ആക്രമണ സ്വഭാവം കാണിക്കുന്ന മോഴയാനയാണ് വാഹനത്തിന് നേരെ പാഞ്ഞെത്തി ആക്രമണം നടത്തിയത്. ആനയുടെ അതിശക്തമായ ഇടിയില്‍ വാഹനം മറിയുകയും അതിലുണ്ടായിരുന്ന അഞ്ചു വനംവകുപ്പ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുകയും ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ അനീഷ് എന്ന യുവാവ് ഈ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അനീഷിന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ആറളത്ത് കഴിഞ്ഞ 12 വർഷത്തിനിടെ കാട്ടാനക്കലിയില്‍ 15 പേരുടെ ജീവൻ നഷ്ടപ്പെട്ടപ്പോള്‍ കൂടുതല്‍ സംഭവങ്ങളിലും കൊലയാളിയായത് കെ.എം -1 (കണ്ണൂർ മോഴ 1) എന്ന മോഴയാനയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ആറളത്തെ മോഴയാന അപകടകാരിയാണെന്നും ആറളം ഫാം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ പത്തോളം പേരുടെ മരണത്തിന് കാരണമായത് ഈ ആനയാണെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹർജി ഹൈകോടതിയില്‍ നിലനില്‍ക്കെയാണ് വീണ്ടും ആക്രമണമുണ്ടായത്. എന്നാല്‍, ഈ ആന മനുഷ്യർക്കെതിരെ ആക്രമണം നടത്തിയതിന് വ്യക്തമായ തെളിവില്ലെന്ന നിലപാടാണ് വനംവകുപ്പ് കോടതിയില്‍ സ്വീകരിച്ചത്. തുടർന്ന് ആനയെ നിരന്തരം നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി വനംവകുപ്പിന് നിർദേശം നല്‍കിയിരിക്കയാണ്.
പ്രദേശത്ത് കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്നും ഓരോ ജീവനും അമൂല്യമാണെന്നും പൗരന് സംരക്ഷണം ഉറപ്പാക്കണമെന്നും കോടതി ഓർമിപ്പിക്കുയും ചെയ്തിട്ടുണ്ട്. ആറളം ഫാം മേഖലയില്‍ 'കെ.എം-1' ആനയെ കണ്ടതോടെ ഫാമിലെ ജനങ്ങള്‍ ഭീതിയിലാണെന്ന് ചൂണ്ടിക്കാട്ടി പി.എം. ബൈജു പോള്‍ മാത്യൂസ് നല്‍കിയ ഉപഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എസ്. ഈശ്വരൻ എന്നിവർ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്
No comments
Post a Comment