ചെറുപുഴയിലും ചിറ്റാരിക്കാലിലും എൻ.ഐ.എ റെയ്ഡ്; സ്ഫോടകവസ്തുക്കൾ പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പരിശോധന
ചെറുപുഴ: ഫെബ്രുവരിയിൽ തിരൂരങ്ങാടി പോലീസ് സ്ഫോടകവസ്തുക്കൾ പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് ജില്ലയുടെ മലയോര മേഖലകളിൽ ദേശീയ അന്വേഷണ ഏജൻസി (NIA) വ്യാപക റെയ്ഡ് നടത്തി. ഇന്ന് പുലർച്ചെയോടെയാണ് എൻ.ഐ.എ സംഘം ഒരേസമയം ചെറുപുഴയിലും കാസർകോട് ജില്ലയോട് ചേർന്നുകിടക്കുന്ന ചിറ്റാരിക്കാലിലും പരിശോധനക്കെത്തിയത്.
ചെറുപുഴയിലെ ചുണ്ട സ്വദേശിയുടെ വീട്ടിലും, ചിറ്റാരിക്കാൽ കമ്പല്ലൂർ സ്വദേശിയുടെ വീട്ടിലുമാണ് എൻ.ഐ.എ ഉദ്യോഗസ്ഥർ അതീവ രഹസ്യമായി റെയ്ഡ് നടത്തിയത്. തിരൂരങ്ങാടിയിൽ മുൻപ് രജിസ്റ്റർ ചെയ്ത സ്ഫോടകവസ്തു കേസിലെ പ്രതികളുമായോ അതിന് പിന്നിൽ പ്രവർത്തിച്ച ശൃംഖലകളുമായോ ഈ വീടുകളിലുള്ളവർക്ക് ബന്ധമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം.
പുലർച്ചെ ആരംഭിച്ച പരിശോധന മണിക്കൂറുകളോളം നീണ്ടുനിന്നു. റെയ്ഡിൽ എന്തൊക്കെ രേഖകളോ ഡിജിറ്റൽ തെളിവുകളോ പിടിച്ചെടുത്തു എന്നതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടിട്ടില്ല.
No comments
Post a Comment