Header Ads

  • Breaking News

    പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജൻ നദിയിൽ ചാടി ജീവനൊടുക്കി


    ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര നിർമാതാവ് കെ. രാജൻ (85) ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കി. അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ചെന്നൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രമുഖ തമിഴ് നടൻ പ്രഭുകാന്ത് ഇദ്ദേഹത്തിന്റെ മകനാണ്.

    1983-ൽ പുറത്തിറങ്ങിയ ബ്രഹ്മചാരിഗൾ എന്ന ചിത്രത്തിലൂടെയാണ് കെ. രാജൻ ചലച്ചിത്ര നിർമാണ രംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ഗണേഷ് സിനി ആർട്സ് എന്ന പ്രശസ്ത നിർമാണക്കമ്പനി സ്ഥാപിച്ച് നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ തമിഴ് സിനിമാ ലോകത്തിന് സമ്മാനിച്ചു. നിർമാണത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം കൈമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1991-ൽ നിഴൽഗൾ രവി, ശരത് കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. ഉണർച്ചിഗൾ ആണ് അദ്ദേഹം സംവിധാനം ചെയ്ത മറ്റൊരു ചിത്രം. ചലച്ചിത്ര സംഘടനകളിലും സജീവമായിരുന്ന അദ്ദേഹം 2000-ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
    advertisement
    അടുത്തിടെ തമിഴ് സിനിമാ മേഖലയെക്കുറിച്ച് അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകൾ വലിയ ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതകളെക്കുറിച്ചും, മുൻനിര അഭിനേതാക്കൾ വാങ്ങുന്ന അമിതമായ പ്രതിഫലത്തെക്കുറിച്ചും വിവിധ പൊതുവേദികളിലും യുട്യൂബ് ചാനലുകളിലും കെ. രാജൻ തുറന്നടിച്ചത് വിവാദങ്ങൾക്ക് വഴിതുറന്നിരുന്നു.
    കെ. രാജന്റെ അപ്രതീക്ഷിത വിയോഗത്തിൽ തമിഴ് ചലച്ചിത്ര മേഖലയിലെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു. മരണവാർത്ത തന്നെ കടുത്ത ഞെട്ടലുണ്ടാക്കിയെന്നും സിനിമാ രംഗത്ത് എപ്പോഴും തുറന്നു സംസാരിക്കുന്ന പ്രിയപ്പെട്ട വ്യക്തിത്വത്തെയാണ് നഷ്ടമായതെന്നും നടി ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമയ്ക്ക് നികത്താനാകാത്ത വലിയ നഷ്ടമാണ് കെ. രാജന്റെ മരണമെന്ന് നടൻ ശരത് കുമാർ അനുശോചിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    No comments

    Post Top Ad

    Post Bottom Ad