Header Ads

  • Breaking News

    ആരാധകരുടെ കാത്തിരിപ്പിന് വിരാമം! നെയ്മര്‍ ബ്രസീല്‍ ലോകകപ്പ് ടീമില്‍



    അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഫിഫ ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ബ്രസീല്‍ ടീമിനെ കോച്ച്‌ കാർലോ ആഞ്ചലോട്ടി പ്രഖ്യാപിച്ചു.ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്ന നെയ്മറുടെ സാന്നിധ്യം ഇതോടെ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 34-കാരനായ നെയ്മറുടെ ഫിറ്റ്നസിനെച്ചൊല്ലി പലവിധ സംശയങ്ങള്‍ നിലനിന്നിരുന്നെങ്കിലും, താരത്തിന്റെ അനുഭവസമ്പത്തിലും കളിമിടുക്കിലും കോച്ച്‌ പൂർണ്ണ വിശ്വാസമർപ്പിക്കുകയായിരുന്നു. 2025 മേയില്‍ ബ്രസീല്‍ ടീമിന്റെ ചുമതലയേറ്റ ശേഷം ഇറ്റാലിയൻ കോച്ചായ ആഞ്ചലോട്ടി ആദ്യമായാണ് നെയ്മറെ ടീമിലേക്ക് വിളിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റഫീന്യ തുടങ്ങിയ സൂപ്പർ താരങ്ങള്‍ക്കൊപ്പം യുവ പ്രതിഭകളായ എൻഡ്രിക്കും റയാനും തങ്ങളുടെ ആദ്യ ലോകകപ്പിനായി ടീമിലിടം നേടിയിട്ടുണ്ട്. എന്നാല്‍ പരിക്കേറ്റ റോഡ്രിഗോ, എസ്തവോ എന്നിവരുടെ അഭാവം ടീമിന് തിരിച്ചടിയാണ്. ഒപ്പം ആഞ്ചലോട്ടിയുമായുള്ള കരാർ 2030 വരെ നീട്ടിയതായും ബ്രസീലിയൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ വ്യക്തമാക്കി.

    79 ഗോളുകളുമായി ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്മർ, 2023 ഒക്ടോബറിലേറ്റ പരിക്കിന് ശേഷം കായികക്ഷമത വീണ്ടെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. പി.എസ്.ജിയില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് മാറിയ താരം, പിന്നീട് കഴിഞ്ഞ വർഷം തന്റെ പഴയ ക്ലബ്ബായ സാന്റോസിലേക്ക് തിരികെ എത്തിയിരുന്നു. പരിക്കുമൂലം നിരവധി മത്സരങ്ങള്‍ നഷ്ടമായ നെയ്മറുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. മുൻപ് 2014, 2018, 2022 ലോകകപ്പുകളില്‍ കളിച്ചിട്ടുള്ള താരം ആകെ എട്ട് ഗോളുകള്‍ നേടിയിട്ടുണ്ട്. നെയ്മറുടെ മടങ്ങിവരവ് നല്‍കുന്ന വൻ ആത്മവിശ്വാസത്തോടെയാണ് കാനറികള്‍ ഇത്തവണ ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി അമേരിക്കയിലേക്ക് വണ്ടികയറുന്നത്.

    No comments

    Post Top Ad

    Post Bottom Ad