Header Ads

  • Breaking News

    ട്രെയിനിലെ വാതില്‍പ്പടി യാത്രക്കാര്‍ക്ക് ഇനി പണി കിട്ടും, സാമൂഹികവിരുദ്ധര്‍ക്കും രക്ഷയില്ല; എഐ ക്യാമറകള്‍ സ്ഥാപിക്കാൻ റെയില്‍വേ

    _ന്യൂഡല്‍ഹി: രാജ്യത്തെ ട്രെയിൻ യാത്ര കൂടുതല്‍ സുഗമമാക്കുന്നതിനും സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി എഐ അധിഷ്ടിതമായ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്._

    _റെയില്‍ഭവനില്‍ സംഘടിപ്പിച്ച ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് മന്ത്രിയുടെ നിർദേശം. ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് ഉപയോഗപ്പെടുത്തിക്കൊണ്ട് സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി._

    _ട്രെയിനിലെ അപ്രതീക്ഷിതമായ അഗ്നിബാധകളും സാമൂഹികവിരുദ്ധരുടെ നിയമവിരുദ്ധമായ അഴിഞ്ഞാട്ടവും അതിക്രമങ്ങളും സമീപകാലത്ത് വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. അടുത്തിടെ റിപ്പോർട്ട് ചെയ്ത സാഹചര്യങ്ങളെ റെയില്‍വേ ഗൗരവത്തിലാണ് നോക്കിക്കാണുന്നതെന്നും ഉടൻ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി._

    _'അടുത്തിടെയുണ്ടായ അത്യാഹിത സാഹചര്യങ്ങളെ ഇന്ത്യൻ റെയില്‍വേ ഗൗരവത്തില്‍ തന്നെയാണ് നോക്കിക്കാണുന്നത്. നിരവധി സാഹചര്യങ്ങളില്‍ റെയില്‍വേ സ്വീകരിച്ച മുൻകരുതലുകളും സുരക്ഷാ പദ്ധതികളും വലിയ അത്യാഹിതങ്ങള്‍ കുറക്കാൻ കാരണമായിട്ടുണ്ട്'. റെയില്‍വേ മന്ത്രാലയം പ്രസ്താവിച്ചു._

    _ട്രെയിൻ യാത്രകള്‍ക്കിടയിലും രാത്രി നേരങ്ങളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ട്രെയിൻ കാത്തിരിക്കുമ്പോഴുമെല്ലാം പലപ്പോഴായി റിപ്പോർട്ട് ചെയ്യാറുള്ള സാമൂഹിക വിരുദ്ധരുടെ ഉപദ്രവം വർജിക്കാൻ നീക്കം പ്രയോജനം ചെയ്തേക്കുമെന്നാണ് വിലയിരുത്തല്‍. സീറ്റുണ്ടായിരുന്നിട്ടും ഡോർസ്റ്റെപ്പിലിരുന്ന് യാത്ര ചെയ്ത് അപകടം വിളിച്ചുവരുത്തുക, അപരിചിതരെ ഉപദ്രവിക്കുക, ശല്യം ചെയ്യുന്ന തരത്തില്‍ സംസാരിക്കുക, അഗ്നിബാധയ്ക്ക് കാരണമായേക്കാവുന്ന തരത്തിലുള്ള പ്രവൃത്തികളിലേർപ്പെടുക തുടങ്ങിയ കാര്യങ്ങളിലും നിരീക്ഷണം കർശനമാക്കിയേക്കും. പുതിയ സുരക്ഷാ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴും അസ്വാഭാവികമായി വല്ലതും ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ റെയില്‍വേ ഹെല്‍പ്പ്ലൈൻ നമ്പറായ 139-ല്‍ യാത്രക്കാർ വിളിച്ചറിയിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി._

    _ഇന്‍റലിജൻസ് സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും ആധുനിക ടെക്നോളജിയിലധിഷ്ടിതമായ തരത്തില്‍ വികസിപ്പിക്കണമെന്നും മീറ്റിങ്ങില്‍ നിർദേശം ഉയർന്നിട്ടുണ്ട്. റെയില്‍വേ നെറ്റ് വർക്കുകളിലുടനീളം സിസിടിവി കവറേജുകള്‍ വികസിപ്പിക്കാനും പ്ലാറ്റ്ഫോമുകളില്‍ നിന്ന് റെയില്‍വേ ഹെഡ്ക്വാട്ടേഴ്സിലേക്ക് വേഗത്തില്‍ വിവരമറിയിക്കാനും സംവിധാനമൊരുക്കും. മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു._

    _അടുത്തിടെ രാജധാനി എക്സ്പ്രസ്സ് ഉള്‍പ്പെടെയുള്ള ട്രെയിനുകളിലെ ബാത്റൂമുകളില്‍ നിന്നും മറ്റും തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയ സാഹചര്യത്തില്‍, ആർപിഎഫ് നിലവില്‍ ഈ സംഭവങ്ങളില്‍ ഊർജ്ജിതമായ അന്വേഷണം നടത്തിവരികയാണ്.

    No comments

    Post Top Ad

    Post Bottom Ad