ഡിജിറ്റൽ അറസ്റ്റ്: നാല് കോടി തട്ടിയ കേസിൽ ഒരാളെ പിടികൂടി
തൃശൂർ: ഡിജിറ്റൽ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് കോണത്തുകുന്ന് സ്വദേശിയായ 85 കാരനിൽനിന്ന് നാല് കോടി പതിനൊന്നര ലക്ഷം രൂപ തട്ടിയ കേസിൽ തട്ടിപ്പ് സംഘാംഗത്തെ തൃശൂർ റൂറൽ സൈബർ പൊലീസിന്റെ പിടികൂടി. മലപ്പുറം പാണ്ടിക്കാട് കുറ്റിപ്പുള്ളി സ്വദേശി അല്ല. വീട്ടിൽ റഷീക് രാജയെയാണ് (26) പാണ്ടിക്കാട്ടുനിന്നും തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 7,99,000 രൂപ സ്വന്തം അക്കൗണ്ടിലേക്ക് അയപ്പിക്കുകയും പിന്നീട് ഈ തുക ചെക്ക് മുഖേന പിൻവലിച്ച് പ്രധാന പ്രതികൾക്ക് കൈമാറി കമീഷൻ കൈപ്പറ്റുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2025 സെപ്റ്റംബർ ഒമ്പതു മുതൽ 2026 ജനുവരി ഒന്ന് വരെയുള്ള കാലയളവിലാണ് വയോധികനെ ഭയപ്പെടുത്തി തട്ടിപ്പ് നടത്തിയത്.
മണി ലോൺഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്സസ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലാണെന്ന് പ്രതികൾ വാട്‌സാപ്പ് കോളിലൂടെ വിളിച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കണമെന്നും പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികളുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും സംഘം ആവശ്യപ്പെട്ടു.
ദേശീയ താൽപര്യം മുൻനിർത്തി കോടതി നിർദേശ പ്രകാരമാണ് നടപടിയെന്നും വിവരം മറ്റാരോടും പറയരുതെന്നും വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.
ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 4,11,65,206 രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയത്.
സംഭവത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കമീഷൻ ഏജന്റ്റായ പ്രതിയെ പിടികൂടിയത്.
No comments
Post a Comment