തൃശൂരില്‍ കുഴഞ്ഞു വീണ് മരിച്ച ഏഴു വയസുകാരിയുടെ മരണം പേവിഷബാധ മൂലമെന്ന് സ്ഥിരീകരണം
ചെറുതുരുത്തിയില്‍ കുഴഞ്ഞുവീണ് മരിച്ച ഒന്നാം ക്ലാസ്സുകാരിയുടെ മരണം പേവിഷബാധയെത്തുടർന്നാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.വെട്ടിക്കാട്ടിരി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ സൻഹ മെഹ്‌റിൻ ആണ് മരിച്ചത്. കുട്ടിയുടെ മരണകാരണം സംബന്ധിച്ച് നടന്ന വിദഗ്ധ പരിശോധനയിലാണ് പേവിഷബാധയുടെ സാന്നിധ്യം കണ്ടെത്തിയത്.
കഴിഞ്ഞ മാസം 28-ാം തീയതി ബന്ധുവീട്ടിലേക്ക് പോകവെയാണ് സൻഹ പെട്ടെന്ന് കുഴഞ്ഞുവീണത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുൻപ് തന്നെ കുട്ടിയില്‍ പേവിഷബാധയുടെ പ്രകടമായ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളത്തിനോട് കടുത്ത വിരക്തി പ്രകടിപ്പിക്കുകയും വായില്‍ നിന്ന് നുരയും പതയും വരികയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണം പേവിഷബാധ മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. കുട്ടിക്ക് എവിടെനിന്നാണ് നായയുടെയോ മറ്റ് മൃഗങ്ങളുടെയോ കടിയേറ്റത് എന്ന കാര്യത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അധികൃതർ. വീടിനോ സ്കൂളിനോ പരിസരത്ത് വെച്ച് അസ്വാഭാവികമായ സാഹചര്യത്തില്‍ മൃഗങ്ങളുമായി സമ്പർക്കമുണ്ടായോ എന്ന് പരിശോധിക്കുന്നുണ്ട്.
പലപ്പോഴും ചെറിയ മാന്തലുകളോ പോറലുകളോ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവെക്കുന്നത് അപകടത്തിന് കാരണമാകാറുണ്ട്. സമാനമായ സാഹചര്യം ഇവിടെയും ഉണ്ടായിട്ടുണ്ടോ എന്നാണ് അധികൃതർ അന്വേഷിക്കുന്നത്. മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കുകയോ മാന്തലേല്‍ക്കുകയോ ചെയ്താല്‍ ഉടൻ തന്നെ പ്രതിരോധ കുത്തിവെപ്പ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കി.
No comments
Post a Comment