സഹകരണ ബാങ്കുകളിൽ ഇനി വെള്ളി ആഭരണങ്ങളും പണയം വെക്കാം: റിസർവ് ബാങ്ക് അനുമതി ലഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഏപ്രിൽ ഒന്ന് മുതൽ വെള്ളി ആഭരണങ്ങളും നാണയങ്ങളും പണയം വെക്കാൻ അനുമതി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) നിർണ്ണായക തീരുമാനത്തോടെയാണ് ഈ മാറ്റം നിലവിൽ വരുന്നത്.
ഇതുവരെ സഹകരണ ബാങ്കുകളിൽ സ്വർണം മാത്രമായിരുന്നു പണയം വെക്കാൻ അനുമതിയുണ്ടായിരുന്നത്. സ്വകാര്യ പലിശക്കാരുടെ ചൂഷണത്തിൽ നിന്നും സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പണയ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് പരിഷ്കാരങ്ങൾ കൊണ്ടുവന്നത്. വാണിജ്യ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും സമാനമായ നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.
പ്രധാന വ്യവസ്ഥകൾ
* വായ്പാ പരിധി: വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി അനുസരിച്ച് അവയുടെ വിപണി മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പയായി ലഭിക്കും.
* മൂല്യനിർണ്ണയം: വെള്ളിയുടെ മൂല്യം നിശ്ചയിക്കുന്നതിനായി കൃത്യമായ മാനദണ്ഡങ്ങൾ ആർ.ബി.ഐ ഏർപ്പെടുത്തിയിട്ടുണ്ട്.
* കഴിഞ്ഞ 30 ദിവസത്തെ ശരാശരി വിലയിലെ കുറഞ്ഞ വില, അല്ലെങ്കിൽ
* ഇന്ത്യാ ബുള്ള്യൻ ആൻഡ് അസോസിയേഷൻ (IBJA) അല്ലെങ്കിൽ സെബി (SEBI) നിയന്ത്രിത കമോഡിറ്റി എക്‌സ്‌ചേഞ്ച് പ്രസിദ്ധീകരിക്കുന്ന തലേദിവസത്തെ ക്ലോസിംഗ് വില എന്നിവ അടിസ്ഥാനപ്പെടുത്തിയാവണം മൂല്യം നിശ്ചയിക്കേണ്ടത്.
* പരിശോധന: വായ്പ നൽകുന്നതിനായി ബാങ്കുകൾക്ക് വെള്ളി ആഭരണങ്ങളുടെ പരിശുദ്ധിയും തൂക്കവും പരിശോധിക്കാനുള്ള അവകാശമുണ്ട്.
കേരളത്തിൽ വെള്ളി ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും, ഈ പുതിയ തീരുമാനം സാധാരണക്കാർക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തൽ.
No comments
Post a Comment