Header Ads

  • Breaking News

    കള്ളവോട്ട് ചെയ്താൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ ; നിയമം ഇങ്ങനെ





    മറ്റൊരാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുകയോ തൻ്റെ തന്നെ വോട്ട് ഒരു തവണ ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാൻ ശ്രമിക്കുകയോ ഒരാൾ തന്നെ ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിലും ശിക്ഷയിൽ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയൽ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാൻ ശ്രമിച്ചതെങ്കിൽ വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റർ ചെയ്യും. കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാവും.

    കുറ്റകൃത്യം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യപ്പെട്ടാൽ നടപടിയെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടാം. ഏതെങ്കിലും കാരണവശാൽ ഒരാളുടെ പേര് ഒന്നിലധികം വോട്ടർപട്ടികകളിലോ, ഒരു വോട്ടർപട്ടികയിൽ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാൻ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പോലും അയാൾ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അതുപോലെ വോട്ടു ചെയ്യാൻ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആൾമാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കും. കുറ്റക്കാരൻ 174 വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവുശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അർഹനാണ്.

    വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്‌സ് ലിസറ്റിൽ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയൽ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാൽ നൽകരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചാൽ നൽകിയ ആൾക്കെതിരെയും നടപടിയുണ്ടാവും. അതുപോലെ വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തിൽ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘർഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്‌താൽ കർശന നടപടിയുണ്ടാവും.

    No comments

    Post Top Ad

    Post Bottom Ad