പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും
പാപ്പിനിശ്ശേരി : രണ്ട് മാസക്കാലത്തെ യാത്രാദുരിതത്തിന് അറുതിവരുത്തി ചൊവ്വാഴ്ച രാവിലെ കെ.എസ്.ടി.പി. റോഡിലെ പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലം തുറന്നുകൊടുക്കും. ഫെബ്രുവരി അഞ്ചിന് അടച്ചിട്ടതാണ് പാലം.
അറ്റകുറ്റപ്പണി പൂർത്തിയാക്കി മാർച്ച് അഞ്ചിന് മുൻപായി തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പാലത്തിന്റെ ജീർണാവസ്ഥമൂലം അറ്റകുറ്റപ്പണിയും നീളുകയായിരുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായി ടാറിങ് പൂർത്തിയാക്കാനാകുമെന്ന് കരാറുകാർ പറഞ്ഞു. തുടർന്ന് പാലം തുറന്നുകൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരും വ്യക്തമാക്കി. പ്രവൃത്തിയുമായി ബന്ധപ്പെട്ട് മറ്റ് തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ചൊവ്വാഴ്ച രാവിലെമുതൽ തന്നെ വാഹനങ്ങൾക്ക് കടന്നുപോകാനാകുമെന്ന് അധികൃതർ പറഞ്ഞു. സ്പാനുകളിലെ തകരാർ താത്‌കാലികമായി പരിഹരിച്ച് മൈക്രോ കോൺക്രീറ്റ് നടത്തിയും എക്സ്പാൻഷൻ ജോയിൻറുകൾ ബലപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് ടാറിങ് തുടങ്ങിയത്. തിരഞ്ഞെടുപ്പിന് മുൻപ് തുറന്നുകൊടുക്കണമെന്നുള്ള ഉന്നതാധികാരികളുടെ നിർദ്ദേശത്തെ തുടർന്നാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കിയത്.
ഫെബ്രുവരി 14-ന് അടച്ചിട്ട കെ.എസ്.ടി.പി. റോഡിലെ താവം മേൽപ്പാലം അറ്റകുറ്റപ്പണിക്ക് ശേഷം മാർച്ച് 18-ന് തുറന്നുകൊടുത്തിരുന്നു. എന്നാൽ ഫെബ്രുവരി അഞ്ചിന് അടച്ചിട്ട പാപ്പിനിശ്ശേരി മേൽപ്പാലം തുറന്നുകൊടുക്കാൻ വൈകിയതിനെ തുടർന്ന് പൊതു ജനങ്ങളുടെ ഭാഗത്ത് നിന്നും ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
No comments
Post a Comment