സിം-ബൈന്‍ഡിങ് ചട്ടം: വാട്‌സ്ആപ്പിനും ടെലിഗ്രാമിനും സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്‌നല്‍ തുടങ്ങിയ മെസേജിങ് ആപ്പുകള്‍ക്ക് സിം-ബൈന്‍ഡിങ് (SIM-binding) ചട്ടം നടപ്പാക്കുന്നതിനായുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. സാങ്കേതികമായ മാറ്റങ്ങള്‍ വരുത്താന്‍ കൂടുതല്‍ സമയം വേണമെന്ന കമ്പനികളുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള സൈബര്‍ തട്ടിപ്പുകള്‍ തടയുക ലക്ഷ്യമിട്ടാണ് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് ഈ കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്.
പ്രധാന മാറ്റങ്ങൾ:
* സിം-ബൈന്‍ഡിങ്: പുതിയ ചട്ടപ്രകാരം, രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് ഫോണിലുണ്ടെങ്കില്‍ മാത്രമേ മെസേജിങ് ആപ്പുകള്‍ പ്രവര്‍ത്തിക്കൂ. നിലവില്‍ ഒടിപി (OTP) വഴി ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ സിം മാറ്റിയാലും ആപ്പ് ഉപയോഗിക്കാം. എന്നാല്‍ ഇനി മുതല്‍ ആക്ടീവ് സിം കാര്‍ഡും ആപ്പും തമ്മില്‍ നേരിട്ട് ബന്ധിപ്പിക്കണം.
*വെബ് പതിപ്പിലെ ഇളവ്: മെസേജിങ് ആപ്പുകളുടെ വെബ് പതിപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ആറ് മണിക്കൂര്‍ നിര്‍ബന്ധിത ലോഗ്-ഔട്ട് ചട്ടം ഒഴിവാക്കി. പകരം, എഐ (AI) അധിഷ്ഠിത അപകടസാധ്യത വിശകലനം (Risk Analysis) നടത്തിയായിരിക്കും ഉപയോക്താക്കളെ ലോഗ് ഔട്ട് ചെയ്യുക.
* സുരക്ഷാ ലക്ഷ്യം: സിം കാര്‍ഡ് ഇല്ലാതെ വൈഫൈ വഴിയോ മറ്റോ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പുകള്‍ നടത്തുന്നത് തടയാന്‍ ഈ നീക്കം സഹായിക്കും. ഡിവൈസില്‍ നിന്ന് സിം നീക്കം ചെയ്താല്‍ ആപ്പും പ്രവര്‍ത്തനരഹിതമാകും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള കോളുകൾ വഴിയുള്ള തട്ടിപ്പുകൾക്കും ഇതിലൂടെ തടയിടാനാകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്.

No comments
Post a Comment