‘മനോരോഗം’ മറയാക്കി രക്ഷപ്പെടാൻ ശ്രമം; പൊളിച്ചടുക്കി പ്രോസിക്യൂഷൻ, ശിക്ഷയിൽ വാദം നാളെ
കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിൽ പ്രതിയായ സന്ദീപ് കേസിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചത് തനിക്ക് മാനസികവിഭ്രാന്തിയുണ്ടെന്ന വാദമുയർത്തി. കേസന്വേഷണത്തിലും വിചാരണവേളയിലും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പുലർത്തിയ നിതാന്തജാഗ്രതമൂലം പ്രതിഭാഗത്തിന്റെ നീക്കങ്ങൾ പൊളിയുകയായിരുന്നു.
സന്ദീപ് മാനസികരോഗചികിത്സയ്ക്കു വിധേയനാകുന്നയാളാണെന്ന് തെളിയിക്കാൻ പ്രതിഭാഗം മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച രേഖകൾ ഹാജരാക്കിയിരുന്നു. ഇതേപ്പറ്റി വിശദമായ വാദപ്രതിവാദം കോടതിയിൽ നടന്നു. കേസിൽ നിയമഗ്രന്ഥങ്ങളോടൊപ്പംതന്നെ മെഡിക്കൽ ഗ്രന്ഥങ്ങളെയും പ്രോസിക്യൂഷന് ആശ്രയിക്കേണ്ടിവന്നു.
ജയിലിൽ തടവുകാരനായി കഴിയുമ്പോഴും രക്ഷപ്പെടാനുള്ള മാർഗമായി സന്ദീപ് കണ്ടതും ‘മാനസികവിഭ്രാന്തി’യായിരുന്നു. അതിനുവേണ്ടി ജയിൽ ലൈബ്രറിയിലെ മനോരോഗഗ്രന്ഥങ്ങൾ നിരന്തരം വായിക്കുകയും തന്നെ പരിശോധിച്ച മനോരോഗവിദഗ്ധരെ കബളിപ്പിക്കുന്ന രീതിയിലുള്ള മറുപടികൾ നൽകുകയും ചെയ്തു. തനിക്ക് സ്കീസോഫീനിയ എന്ന മനോരോഗമുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ പ്രതി നടത്തിയത് സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ ചൂണ്ടിക്കാട്ടുകയും ചെയ്തു. മനോരോഗം ചൂണ്ടിക്കാട്ടി രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം അടച്ചാണ് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിൽ കുറ്റപത്രം തയ്യാറാക്കിയത്.
ശിക്ഷയിൽ നാളെ വാദം കേൾക്കും
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ ശിക്ഷയെക്കുറിച്ചുള്ള വാദം 19-ന് നടക്കും.
പ്രതി സന്ദീപ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302, 307, 326, 324, 323, 341, 201 എന്നീ വകുപ്പുകൾപ്രകാരം പ്രതി കുറ്റം ചെയ്തതായി അഡീഷണൽ സെഷൻസ് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ആശുപത്രിസംരക്ഷണനിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യവും പ്രതി ചെയ്തതായി തെളിഞ്ഞു.
അധ്യാപകനായ പ്രതിക്ക് മാനസികരോഗമുണ്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെ 84-ാംവകുപ്പിന്റെ സംരക്ഷണമുള്ളതിനാൽ പ്രതി കുറ്റക്കാരനല്ല എന്നീ വാദങ്ങൾ പ്രതിഭാഗം കോടതിയിൽ ഉയർത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രി വിഭാഗത്തിലെ വിദഗ്ധർ തയ്യാറാക്കിയ മെഡിക്കൽ ബോർഡ് റിപ്പോർട്ടിലെ പരാമർശങ്ങൾ ഇതിനുള്ള തെളിവുകളായി കോടതിയിൽ ഹാജരാക്കി. പ്രതിക്ക് മാനസികരോഗമില്ലെന്നും പ്രതി അവകാശപ്പെടുന്ന നിയമപരിരക്ഷ ലഭിക്കേണ്ട, മാനസികനില തെറ്റിയ അവസ്ഥയല്ല ഇതെന്നും പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കൽ വാദിച്ചു. പ്രതി ആക്രമണമനോഭാവമുള്ളയാളാണെന്ന് അടുത്ത ബന്ധുതന്നെ കോടതിയിൽ മൊഴി നൽകിയതും ചൂണ്ടിക്കാട്ടി. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 70 സാക്ഷികളെയും 207 രേഖകളും 23 തൊണ്ടിമുതലുകളും ഹാജരാക്കി. ശിക്ഷാവിധിയറിയാൻ വന്ദനാദാസിന്റെ പിതാവ് കെ.ജി. മോഹൻദാസും അമ്മ വസന്തകുമാരിയും കോടതിയിൽ എത്തിയിരുന്നു.
പരമാവധി ശിക്ഷ നൽകുമെന്ന് വിശ്വാസം – വന്ദനയുടെ പിതാവ്
അപൂർവങ്ങളിൽ അപൂർവമായ കേസായി ഇത് പരിഗണിച്ച് പ്രതിക്ക് കിട്ടാവുന്നതിൽ കൂടിയ ശിക്ഷ ലഭിക്കും എന്നാണ് വിശ്വസിക്കുന്നതെന്ന് വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസ്. ഡോ. വന്ദനാദാസ് വധക്കേസിൽ പ്രതി കുറ്റക്കാരനാണെന്ന വിധിയറിഞ്ഞശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ ഭാര്യ വസന്തകുമാരിയോടൊപ്പമാണ് എത്തിയത്.
“നീതിന്യായ വ്യവസ്ഥയിൽ പൂർണമായ വിശ്വാസമുണ്ട്. രോഗിതന്നെ ഡോക്ടറെ അകാരണമായിട്ട് കൊലപ്പെടുത്തുന്ന സംഭവം രാജ്യത്തുതന്നെ ആദ്യമാണെന്ന് പറയുന്നു. ഞങ്ങളുടെ പ്രതീക്ഷയായിരുന്നു അവൾ. അവളിപ്പോൾ ഇല്ലല്ലോ… ഞങ്ങൾക്ക് പോകാനുള്ളതെല്ലാം പോയില്ലേ’’-മോഹൻദാസ് പറഞ്ഞു. “മോള് വേറൊരു കുട്ടിയുടെ ഡ്യൂട്ടികൂടി എടുത്തതാണ്. പോലീസുകാരും സെക്യൂരിറ്റിക്കാരും ഒക്കെ കൊണ്ടുവന്ന പ്രതിയാണ് മോളെ കുത്തി കൊലപ്പെടുത്തിയത്. 27-ഓളം തവണയാണ് അവളെ കുത്തിയത്. പ്രാണരക്ഷാർഥം ചുറ്റിനും ഓടിനടന്ന് എല്ലാവരെയും സഹായത്തിന് വിളിച്ചിട്ടും ആരും സഹായിച്ചില്ല. നാലരമണിക്കൂറോളം എന്റെ മകൾ ലോകത്തുള്ള എല്ലാ വേദനയും ഒന്നിച്ചനുഭവിച്ചു. എന്നിട്ടാണ് മരണത്തിന് കീഴടങ്ങിയത്…”-അദ്ദേഹം വിതുമ്പി. അടുത്തദിവസം രാവിലെ ഏഴരയ്ക്കാണ് ഞങ്ങളെ വിളിച്ചറിയിക്കുന്നത്. ഇതിൽ പലയിടത്തും അനാസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ശിക്ഷാവിധി കേട്ടശേഷമേ മകൾക്ക് നീതികിട്ടിയെന്ന് ഉറപ്പിക്കാനാകൂ എന്നും പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വന്ദനാദാസിന്റെ അമ്മ വസന്തകുമാരി പ്രതികരിച്ചു. കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ നന്നായി പ്രവർത്തിച്ചെന്നും അവർ പറഞ്ഞു.
No comments
Post a Comment