സമയം നഷ്‌ടപ്പെടില്ല! മത്സരങ്ങൾ വേഗത്തിലാക്കാൻ ഫുട്ബോൾ ലോകകപ്പിൽ പുതിയ നിയമങ്ങൾ
ഫിഫ ലോകകപ്പിൽ മത്സരങ്ങളുടെ വേഗം കൂട്ടുന്നതിനായി പുതിയ നിയമങ്ങൾ നടപ്പിലാക്കും. 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ഈ ലോകകപ്പിൽ കളിയുടെ താളം തടസപ്പെടാതെ തുടരാൻ വിവിധ മാറ്റങ്ങൾ കൊണ്ടുവന്നതായി ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി ) വാർഷിക യോഗത്തിൽ പ്രഖ്യാപിച്ചു. വീഡിയോ അസിസ്റ്റന്റ് റഫറി (വാർ ) സംവിധാനത്തിന്റെ പരിധി വിപുലീകരിക്കുകയാണ് പ്രധാന തീരുമാനം. ഇനി “തെറ്റായ രണ്ടാമത്തെ മഞ്ഞക്കാർഡിൽ നിന്നുള്ള ചുവപ്പ് കാർഡ്” പുനഃപരിശോധിക്കാൻ സാധിക്കും. കൂടാതെ, തെറ്റായി നൽകിയ കോർണർ കിക്കുകളും ഉടൻ പരിശോധിച്ച് തിരുത്താം. തെറ്റായ കളിക്കാരനെ ശിക്ഷിച്ചാൽ അത് തിരുത്താനും വാർ ഉപയോഗിക്കും. പരിക്കിനെ തുടർന്ന് കളി വൈകിപ്പിക്കുന്ന താരങ്ങൾക്കെതിരായ ‘ഓഫ്-ഫീൽഡ് ട്രീറ്റ്‌മെന്റ്’ നിയമവും പരിഷ്കരിച്ചു. പരിക്ക് കാരണം കളി നിർത്തിവെച്ചാൽ, മത്സരം പുനരാരംഭിച്ചതിന് ശേഷം ഒരു മിനിറ്റ് കളത്തിനുപുറത്ത് തന്നെ തുടരേണ്ടിവരും. മുൻപ് മേജർ ലീഗ് സോക്കറിൽ ഇത് രണ്ടുമിനിറ്റായിരുന്നു. 2024ൽ ഇന്റർ മിയാമിയ്ക്കായി കളിക്കുമ്പോൾ ലയണൽ മെസ്സിക്ക് ഈ നിയമം ബാധകമായപ്പോൾ അദ്ദേഹം അതിനെതിരെ പ്രതികരിച്ചിരുന്നു. എന്നാൽ ഈ നിയമത്തോടെ ലീഗിൽ പരിക്ക് സംബന്ധിച്ച ഇടവേളകൾ ഗണ്യമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇതോടൊപ്പം തന്നെ , സബ്സ്റ്റിറ്റ്യൂഷൻ സമയപരിധി നിയമവും കൊണ്ടുവന്നു. മാറ്റം ചെയ്യപ്പെടുന്ന താരം 10 സെക്കൻഡിനകം പുറത്തുകടക്കാത്ത പക്ഷം, പകരക്കാരൻ ഒരു മിനിറ്റ് വരെ കളത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ല. ഗോൾകീപ്പർ പന്ത് എട്ട് സെക്കൻഡിൽ കൂടുതൽ കൈവശം വച്ചാൽ എതിര്‍ ടീമിന് കോർണർ നൽകുന്ന നിയമത്തിന് പുറമെ, ഇനി ത്രോ-ഇൻ, ഗോൾ കിക്ക് എന്നിവയ്ക്കും അഞ്ച് സെക്കൻഡ് കൗണ്ട്ഡൗൺ പ്രാബല്യത്തിൽ വരും. കൂടാതെ, താരങ്ങൾ വാക്കുതർക്കത്തിനിടെ വായ മൂടുന്നത് സംബന്ധിച്ച് പ്രത്യേക മാർഗനിർദ്ദേശങ്ങളും ഐഎഫ്എബി പരിഗണിക്കുന്നു. കളിയുടെ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ മാറ്റങ്ങളുടെ ലക്ഷ്യം.

No comments
Post a Comment