Header Ads

  • Breaking News

    മാടായിക്കാവ് പൂരോത്സവം: പൂരംകുളി 31ന്; തിടമ്പെഴുന്നള്ളത്ത് ദർശിക്കാൻ ഭക്തജനപ്രവാഹം



    പഴയങ്ങാടി : മാടായി തിരുവർക്കാട്ട് കാവിലെ പൂരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന തിടമ്പ് എഴുന്നള്ളത്ത് ദർശിക്കാ‍ൻ ഭക്തജന പ്രവാഹം. പുലർച്ചെ 3ന് തിരുവത്താഴ പൂജ, തുടർന്ന് പാണി, പുറത്തേക്ക് എഴുന്നളളിപ്പ്, പുലർച്ചെ 4ന് തെക്കിനാക്കൽ കോട്ടയിൽ എഴുന്നള്ളത്ത്. കാവിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് തെക്കിനാക്കൽ കോട്ട. പ്രത്യേകം തയാറാക്കിയ തീപ്പന്തത്തിന്റെയും കൈവിളക്കിന്റെയും വെട്ടത്തിലാണ് തിടമ്പ് എഴുന്നള്ളത്ത് (ദേവിയും പരിവാരങ്ങളും) പുറപ്പെടുന്നത്. സ്ഥാനികൻമാർ, വാദ്യക്കാർ എന്നിവർ കൊടിക്കൂറയുടെ അകമ്പടിയോടെയാണ് കോട്ടയി‍ൽ എത്തുന്നത്. ഇവിടെ പ്രത്യേക പൂജകൾ, പൂരക്കളി, വാൾപയറ്റ്, അപ്പനിവേദ്യം എന്നിവയുണ്ടാകും. ഇതിനുശേഷമാണ് കാവിലേക്ക് തിരിച്ചെഴുന്നള്ളത്ത്.

    ഈ തിരിച്ചെഴുന്നള്ളത്ത് ദർശിക്കാൻ ജാതിമത വ്യത്യാസമില്ലാതെ വഴിയോരങ്ങളിൽ ജനങ്ങൾ എത്താറുണ്ട്. മാടയിപ്പാറക്കുളത്തിന് സമീപം എത്തുമ്പോഴേക്കും വലിയ ജനാവലി തന്നെ തിടമ്പ് എഴുന്നള്ളത്തിനൊപ്പം ചേരും. മാടായിക്കാവിലെത്തിയ തിടമ്പ് എഴുന്നള്ളത്ത് ആൽത്തറയ്ക്ക് മുന്നിൽ നിന്ന് ഭക്തർക്ക് ദർശനം നൽകിയതിനുശേഷം ക്ഷേത്രങ്കണത്തിലും ദർശനം നൽകും. മൂന്ന് തവണ ദർശനം നൽകിയതിനുശേഷം ശ്രീകോവിലിലേക്ക് പ്രവേശിക്കും. ക്ഷേത്രം മൂത്ത പിടാരർ ഉണ്ണിക്കൃഷ്ണനാണ് തിടമ്പേറ്റുന്നത്. 31ന് തെക്കിനാക്കൽ കോട്ടയിലെ പൂജകൾക്ക് ശേഷം രാവിലെ 8 ഓടെ തിടമ്പെഴുന്നളളത്ത് വടുകുന്ദ ശിവക്ഷേത്രത്തിൽ എത്തിച്ചേരും. 8.30ന് പ്രസിദ്ധമായ വടുകുന്ദ തടാകത്തിൽ പൂരം കുളി നടക്കും.


    No comments

    Post Top Ad

    Post Bottom Ad