സംസ്ഥാനത്ത് വേനൽചൂടിന് ആശ്വാസമായി മഴയെത്തുന്നു; 27, 28 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ തുടരുന്ന കടുത്ത വേനൽച്ചൂടിന് ആശ്വാസമായി വരും ദിവസങ്ങളിൽ വ്യാപക മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷത്തിൽ ന്യൂനമർദ പാത്തി രൂപപ്പെടുന്നതിൻ്റെ ഫലമായി മാർച്ച് 27, 28 തീയതികളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിലയിടങ്ങളിൽ മാത്രം ലഭിച്ചിരുന്ന മഴ, വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
താപനില ഉയരുന്നു, ജാഗ്രത വേണം:
മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും സംസ്ഥാനത്തെ പകൽ താപനില ഉയർന്നുതന്നെ നിൽക്കുകയാണ്. കഴിഞ്ഞ ദിവസം പുനലൂരിലാണ് ഏറ്റവും ഉയർന്ന താപനില (38°C) രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ 37°C താപനില രേഖപ്പെടുത്തി. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളൊഴികെ വിയർപ്പും അസ്വസ്ഥതയും വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

No comments
Post a Comment