Header Ads

  • Breaking News

    ഇത്തവണ കേരളത്തിൽ നിന്ന് 13,183 ഹജ്ജ് തീർത്ഥാടകർ





    മലപ്പുറം :- ഈ വർഷം കേരളത്തിൽ നിന്ന് ഹജ്ജ് ചെയ്യാനെത്തുക 13,183 പേർ. കാത്തിരിപ്പുപട്ടികയിൽ നിന്ന് ബുധനാഴ്ച അവസരം കിട്ടിയ 29 പേർ ഉൾപ്പെടെയാണിത്. സർക്കാർ നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ടവരാണിവർ. 92 ഇൻസ്ട്രക്ടർമാരും ഇതിൽപ്പെടുന്നു. കൊച്ചിയിൽ നിന്ന് 7965 പേരും കരിപ്പൂരിൽ നിന്ന് 921 പേരും കണ്ണൂരിൽ നിന്ന് 4268 പേരുമുണ്ടാകും. മറ്റുള്ള എംബാർക്കേഷനിലൂടെ പോകുന്ന 29 മലയാളികളും പട്ടികയിലുണ്ട്. ഇന്ത്യയിൽ നിന്ന് ഏപ്രിൽ 18-നാണ് ആദ്യ വിമാനം പുറപ്പെടുന്നത്. രണ്ടാംഘട്ടത്തിൽ ഏപ്രിൽ 30 മുതലാണ് കേരളത്തിലെ ഹാജിമാർ പുറപ്പെടുക.

    കൊച്ചിയിൽ നിന്നാണ് ആദ്യ വിമാനം. മേയ് 19 വരെയുള്ള ദിവസങ്ങളിൽ കൊച്ചിയിൽ നിന്ന് സർവീസുണ്ടാകും. കണ്ണൂരിൽനിന്ന് മേയ് ആറു മുതൽ 12 വരെയും കരിപ്പൂരിൽ നിന്ന് മേയ് 15 മുതൽ 18 വരെയും ഹജ്ജ് : വിമാനങ്ങൾ സർവീസ് നടത്തും. സ്വകാര്യ ഗ്രൂപ്പുകൾ വഴി ഹജ്ജിനായി പുറപ്പെടുന്നവർ ഉൾപ്പെടാതെയുള്ള കണക്കാണിത്. യുദ്ധസാഹചര്യം നിലനിൽക്കെയാണ് ഇത്തവണ ഹജ്ജ് നടക്കുന്നത്. യുദ്ധത്തിന്റെ തീവ്രതയിൽ കുറവുണ്ടായതിനാലും ഇനിയും ആഴ്ചകൾ ബാക്കിയുള്ളതി നാലും വിശുദ്ധകർമങ്ങൾ നിർവഹിക്കാൻ ആത്മവിശ്വാസത്തോടെ ഒരുങ്ങുകയാണ് വിശ്വാസികൾ.

    കഴിഞ്ഞവർഷം ഇന്ത്യയും പാകിസ്താനുമായി അസ്വാരസ്യം നിലനിൽക്കുമ്പോഴായിരുന്നു ഹജ്ജ് നടന്നത്. ഇതിന്റെ ഭാഗമായി പാകിസ്താന്റെ മുകളിൽക്കൂടി വിമാനം പറത്തരുതെന്ന നിർദേശമുണ്ടായി. ഇക്കാരണത്താൽ വിമാനങ്ങൾ റൂട്ട് മാറ്റിയാണ് സർവീസ് നടത്തിയത്. ഈ റൂട്ടിൽ ദൂരം കൂടുതലായതിനാൽ ഇന്ധനച്ചെലവ് നിയന്ത്രിക്കാൻ ലഗേജിന്റെ ഭാരം പരമാവധി 40 കിലോ എന്നത് 30 കിലോ ആക്കി ചുരുക്കിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad