Header Ads

  • Breaking News

    ട്വന്റി 20: ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച നടപടി; പാകിസ്താനെതിരെ കടുത്ത നടപടിക്ക്ഐസിസി

     
    ട്വന്റി 20 ലോകകപ്പിലെ ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിച്ച പാക്കിസ്ഥാൻ തീരുമാനത്തിൽ കടുത്ത നടപടിക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. മതിയായ കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിച്ച പാകിസ്താനെ ലോകക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുന്നതടക്കം ആലോചനയിലുണ്ട്. നിർണായക തീരുമാനം നാളെയോ മറ്റന്നാളോ ചേരുന്ന ഐസിസി ബോർഡ് യോഗത്തിൽ എടുക്കും.

    പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ മത്സരം ബഹിഷ്കരിക്കാൻ ഉള്ള പാക് തീരുമാനം അംഗീകരിക്കാൻ ആവില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വ്യക്തമാക്കി. ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്താൻ മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഗ്രൂപ്പ് എ മത്സരത്തിൽ ശ്രീലങ്കയിലെ കൊളംബോയിൽ വെച്ചാണ് ഇരു ടീമുകളും ഏറ്റുമുട്ടേണ്ടിയിരുന്നത്.

    ടൂർണമെന്റിൽ കളിക്കുന്നതിനായി പാക് സർക്കാരിന്റെ അനുമതിക്കായി ടീം കാത്തിരിക്കുകയായിരുന്നു. ലോകകപ്പിൽ പങ്കെടുക്കാൻ അനുമതി നൽകാൻ പാക് സർക്കാർ തീരുമാനിച്ചു. എന്നാൽ ഇന്ത്യക്കെതിരെ മത്സരത്തിന് പാകിസ്താൻ ഇല്ലെന്ന് പാക് ഭരണകൂടം എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിലൂടെ ഐസിസിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിബിയുടെ നീക്കം.

    ടൂർണമെന്റിൽ നിന്ന് പൂർണ്ണമായി പിന്മാറിയാൽ ഐസിസിയിൽ നിന്ന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വരുമെന്ന ഭയത്താലാണ് ഇന്ത്യക്കെതിരായ മത്സരം മാത്രം ഒഴിവാക്കുന്നത്. ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതിഷേധിച്ച് പാകിസ്താൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad