കണ്ണീരോർമകൾ ബാക്കി; അവയവ ദാനത്തിലൂടെ അയോണ നാലുപേർക്ക് പുതുജീവൻ പകർന്നു
കണ്ണൂർ: നാലുപേർക്ക് പുതുജീവൻ പകർന്നാണ് അയോണയുടെ അന്ത്യയാത്ര. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ ഒടുക്കത്തിലും മാതൃകയാവുകയാണ് അയോണയുടെ കുടുംബം.വീട്ടുകാര്‍ക്കും കൂട്ടുകാർക്കും അത്രമേല്‍ പ്രിയപ്പെട്ടവളായിരുന്നു അയോണ. വീട്ടിലും സ്കൂളിലും ചിറകുവിടര്‍ത്തി പറന്ന പെണ്‍കുട്ടിയുടെ മരണം വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. 'എന്തിനാണ് മോളേ കടുംകൈ ചെയ്തതെന്ന' ചോദ്യമാണ് ഉറ്റവരുടെ മനസ്സില്‍നിന്ന് ഉയരുന്നത്. കളിചിരിയും തമാശകളുമായി ഇനി അവളുണ്ടാവില്ലെന്ന സങ്കടത്തിലാണ് കൂട്ടുകാർ. കഴിഞ്ഞ 12ന് രാവിലെ 8.10 ഓടെയായിരുന്നു പയ്യാവൂര്‍ സേക്രട്ട്ഹാര്‍ട്ട് ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാർഥിനി ബ്ലാത്തൂര്‍ തിരൂരിലെ അയോണ മോണ്സണ് (17) സ്കൂള്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍നിന്ന് താഴേക്ക് ചാടിയത്. ലാബ് പരീക്ഷയായതിനാല്‍ രാവിലെ എത്തിയതാണ്. പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കെട്ടിടത്തില്‍നിന്ന് ചാടിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയോണയുടെ ജീവന് അന്നുമുതല്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയത്. ഒന്നും സംഭവിക്കരുതെന്ന പ്രാർഥനയുമായി കാത്തിരുന്നെങ്കിലും വ്യാഴാഴ്ച പുലർച്ച നാലോടെ മസ്തിഷ്ക മരണം സംഭവിച്ചു. അടക്കാനാവാത്ത വേദനക്കിടയിലും മകളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ സമ്മതം നല്‍കുകയായിരുന്നു. അയോണയുടെ മാതാവ് 30ന് വിദേശത്ത് പോകാന്‍ തീരുമാനിച്ചിരുന്നു. അതിന്റെ സങ്കടമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് കരുതുന്നു. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ 10.30 വരെ വീട്ടിലും 11 മുതൽ 2.30 വരെ തിരൂർ സെയ്ന്റ് ഫ്രാൻസിസ് അസ്സിസി സൺഡേ സ്കൂൾ ഹാളിലും പൊതുദർശനത്തിന് വെക്കും. 2.30ന് തിരൂർ സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സ്കൂളിന് അവധിയും നൽകി. മരണത്തിൽ പയ്യാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം നടക്കും. അതിവേഗം അവയവദാനം അവയവദാനത്തിന് സമ്മതമറിയിച്ചതോടെ അതിവേഗത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. കണ്ണൂർ മിംസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം അയോണയുടെ ഒരു വൃക്ക കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ രോഗിക്കും മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗിക്കും ലഭ്യമാക്കി. കരൾ നൽകിയത് കോഴിക്കോട് മെയ്ത്ര ആശുപത്രിയിലെ രോഗിക്കാണ്. കോർണിയകൾ കോഴിക്കോട് മെഡിക്കൽ കോളജിലെ ഐ ബാങ്കിലേക്കും ദാനം ചെയ്തു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് വൃക്ക കൊച്ചിയിലും അവിടെനിന്ന് വിമാനമാര്ഗത്തിലൂടെ തിരുവനന്തപുരത്തെത്തിച്ചു. 11.10 ഓടെ വൃക്ക രോഗിക്ക് വെച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. വലിയ സങ്കടത്തിനിടയിലും മനുഷ്യ സമൂഹത്തിന് നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ ദാനവും സന്ദേശവുമാണ് അയോണയുടെ കുടുംബം നിർവഹിച്ചതെന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു.
No comments
Post a Comment