രേഖകളില്ലാതെ നിയമപരമായി എത്ര സ്വർണം വീട്ടിൽ സൂക്ഷിക്കാം?
ഒരു വർഷത്തിനിടെ അസാധാരണമായ നേട്ടമാണ് സ്വർണം നിക്ഷേപകർക്ക് സമ്മാനിച്ചത്. അതോടെ കുടുംബങ്ങളിലെ സ്വർണ ആസ്തിയുടെ മൂല്യത്തിൽ കാര്യമായ വർധനവുണ്ടായി. രാജ്യത്തെ കുടുംബങ്ങളുടെ കൈവശം 30,000 ടണ്ണിലേറെ സ്വർണമുണ്ടെന്നാണ് കണക്ക്.
ഇന്ത്യയിൽ വ്യക്തിക്കോ കുടുംബത്തിനോ നിയമപരമായി കൈവശം വെക്കാവുന്ന സ്വർണത്തിന് പരിധിയൊന്നുമില്ല. എന്നാൽ അതിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിക്കണം. രേഖകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ പിടിച്ചെടുക്കാതിരിക്കാൻ ആദായ നികുതി വകുപ്പ് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അതുപ്രകാരം രേഖകളില്ലെങ്കിൽ പോലും കൈവശം നിശ്ചിത അളവിൽ സ്വർണം കൈവശം വെയ്ക്കാം.
| സ്വർണ്ണാഭരണത്തിന്റെ അളവ് | |
| വിവാഹിതയായ സ്ത്രീ | 500 ഗ്രാം |
| അവിവാഹിതയായ സ്ത്രീ | 250 ഗ്രാം |
| പുരുഷൻ | 100 ഗ്രാം |
ഇതുപ്രകാരം ഭർത്താവും ഭാര്യയും അവിവാഹിതയായ മകളും അടങ്ങുന്ന കുടുംബത്തിന് നിയമപരമായി കൈവശം വെക്കാവുന്ന സ്വർണത്തിന്റെ അളവ് 850 ഗ്രാം ആണ്. നിലവിലെ 22 കാരറ്റ് സ്വർണ വില പ്രകാരം പണക്കൂലി ഉൾപ്പടെ ഇതിന്റെ മൂല്യം 1.2 കോടി രൂപയിലധികം വരും. ബില്ലുകളില്ലാതെതന്നെ ഇത്രയും സ്വർണം നിയമപരമായി വീട്ടിൽ സൂക്ഷിക്കാം. നിക്ഷേപം, സ്വർണ്ണക്കട്ടികൾ, നാണയങ്ങൾ എന്നിവയ്ക്ക് ഇത് ബാധകമല്ലെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.
ഇതിൽ കൂടുതൽ സ്വർണം കൈവശമുള്ളവർ രേഖകൾ സൂക്ഷിക്കേണ്ടിവരും. സമ്മാനമായി ലഭിച്ചതാണെങ്കിൽ അതിന്റെ വിവരങ്ങൾ, അനന്തരാവകാശമായി ലഭിച്ചതാണെങ്കിൽ ബന്ധപ്പെട്ട രേഖകൾ എന്നിവ സൂക്ഷിക്കണം. ഇൻവോയ്‌സുകൾ, ഗിഫ്റ്റ് ഡീഡുകൾ, അനന്തരാവകാശ രേഖകൾ എന്നിവ ഉടമസ്ഥാവകാശം തെളിയിക്കാൻ സഹായിക്കും. രേഖകളില്ലാതെ പരിധിയിൽ കവിഞ്ഞ സ്വർണം കൈവശം വെച്ചാൽ നികുതിവെട്ടിപ്പായി കണക്കാക്കാം.
നിയമം ലംഘിച്ചാൽ
നിശ്ചിത പരിധിക്ക് മുകളിലുള്ള സ്വർണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചില്ലെങ്കിൽ വിശദീകരിക്കാത്ത നിക്ഷേപമായി കണക്കാക്കും. ഇതിന് കനത്ത നികുതിയും പിഴയും നൽകേണ്ടി വരും:
- സ്വർണത്തിന്റെ മൂല്യത്തിന്റെ 60% നികുതി.
- ഇതിനു പുറമെ സർചാർജ്, സെസ് എന്നിവ
- കൂടുതലായി പലിശയും പിഴകളും ചുമത്താം.
- ഗുരുതരമായ സാഹചര്യങ്ങളിൽ സ്വർണ്ണം കണ്ടുകെട്ടാനും സാധ്യത.
ഇളവുകൾ
വ്യക്തിപരമായ ഉപയോഗത്തിനുള്ള ആഭരണങ്ങൾ മാത്രമാണ് പിടിച്ചെടുക്കാതരിക്കുക. താഴെ പറയുന്ന സാഹചര്യങ്ങളിൽ ഈ ഇളവുകൾ ലഭ്യമല്ല:
- നിക്ഷേപമായി വലിയ അളവിൽ ശേഖരിച്ചുവെച്ച സ്വർണം.
- വലിയ അളവിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണക്കട്ടികൾ നാണയങ്ങൾ, ബാറുകൾ.
- കണക്കിൽപ്പെടാതെ വ്യാപാരത്തിനോ ഊഹക്കച്ചവടത്തിനോ വേണ്ടി സംഭരിച്ചുവെച്ച സ്വർണം.
No comments
Post a Comment