കണ്ണൂർ കാൽടെക്സിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ഏഴ് വാഹനങ്ങൾ തകർന്നു, വൻ ഗതാഗതക്കുരുക്ക്
പാലം ഭാഗത്തുനിന്ന് കാൽടെക്സ് ജംഗ്ഷനിലേക്ക് വരികയായിരുന്ന ടാങ്കർ ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചുകയറുകയായിരുന്നു. ലോറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചതോടെ, പിന്നാലെ വന്ന വാഹനങ്ങൾ ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചു. കാറുകൾ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ ഏഴ് വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
ഗതാഗതം സ്തംഭിച്ചു
ഓഫീസ് സമയമായതിനാൽ അപകടം നടന്നതോടെ നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഏകദേശം ഒരു മണിക്കൂറോളം വാഹനങ്ങൾ നിരനിരയായി റോഡിൽ കുടുങ്ങി. തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തിയാണ് ഗതാഗത നിയന്ത്രണം ഏറ്റെടുത്തത്. ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് ടാങ്കർ ലോറിയും തകർന്ന മറ്റ് വാഹനങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ടാങ്കർ ലോറിക്ക് ഉണ്ടായ സാങ്കേതിക തകരാറാണോ അതോ അശ്രദ്ധയാണോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. നഗരമധ്യത്തിലെ ഇത്തരം അപകടങ്ങൾ വർധിക്കുന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
No comments
Post a Comment