Header Ads

  • Breaking News

    ഇന്ധന വിൽപ്പനയ്ക്കൊരുങ്ങി ഖാദി ബോർഡ് ; കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ട് പെട്രോൾ പമ്പുകൾ തുടങ്ങും





    കണ്ണൂർ :- കേരളാ ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് ഇന്ധന വിൽപ്പനയിലേക്ക്. കണ്ണൂർ, കാസർകോട് ജില്ലകളിലായി രണ്ട് പെട്രോൾ പമ്പുകൾ തുടങ്ങാനാണ് ഖാദി ബോർഡ് പദ്ധതി. പിലാത്തറ-പാപ്പിനിശ്ശേരി റോഡരികിൽ പാപ്പിനിശ്ശേരിയിലും കാസർകോട്-കാഞ്ഞങ്ങാട് ദേശീയപാതയ്ക്കരികിൽ മാവുങ്കാലിലുമാണ് ഖാദി ബോർഡിൻ്റെ സ്ഥലത്ത് പെട്രോൾ പമ്പ് തുടങ്ങുന്നത്. പാപ്പിനിശ്ശേരിയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ധാരണാപത്രം ഒപ്പുവെച്ചു. 

    മാവുങ്കാലിലേതിനുള്ള കടലാസ് പണികൾ പുരോഗമിക്കുകയാണെന്ന് ഖാദി ബോർഡ് വൈസ്ചെയർമാൻ പി.ജയരാജൻ പറഞ്ഞു. സംസ്ഥാനത്ത് ഖാദി ബോർഡിന് കീഴിൽ വെറുതേ കിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വൈവിധ്യവത്കരണത്തിലൂടെ വരുമാനമുണ്ടാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പെട്രോൾ പമ്പെന്നും ജയരാജൻ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഖാദി ബോർഡിൻ്റെ സ്ഥലത്ത് അതിഥിമന്ദിരങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസ്തിവിവരം ശേഖരിച്ച് അത് ഏതൊക്കെ രീതിയിൽ വിനിയോഗിക്കാമെന്നത് സംബന്ധിച്ച് ബോർഡ് റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞതായും ജയരാജൻ പറഞ്ഞു.

    പുതിയ തലമുറയ്ക്കായുള്ള വസ്ത്രങ്ങൾ തയ്യാറാക്കി നൽകി വരുമാനം കൂട്ടാനുള്ള പദ്ധതിയുമായാണ് ബോർഡ് മുന്നോട്ട് പോകുന്നതെന്ന് സെക്രട്ടറി ഡോ. കെ.എ രതീഷ് പറഞ്ഞു. 3077 സൊസൈറ്റികളാണ് നിലവിലുള്ളത്. അവയെക്കുറിച്ച് പഠിച്ച് വരുമാന വർധനയ്ക്ക് അനുയോജ്യമായ പദ്ധതികളൊരുക്കി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad