മലമ്പുഴയിൽ കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്റെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ
മലമ്പുഴ: മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ പരാതിയുമായി കൂടുതൽ കുട്ടികൾ. അഞ്ച് വിദ്യാർഥികളാണ് അധ്യാപകനെതിരെ പീഡന പരാതി നൽകിയത്. അതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയുടെ ഫോണിൽ അശ്ലീലദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തി. കുട്ടികളുടേതടക്കം നഗ്നദൃശ്യങ്ങളും ഇതിൽ ഉണ്ട്.
കല്ലേപ്പുള്ളി പി.എ.എം.എം യു.പി സ്‌കൂൾ സംസ്‌കൃത അധ്യാപകൻ അനിലാണ് മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളെ വിദ്യാഭ്യാസ വകുപ്പ് സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ റിമാൻഡിലുള്ള ഇയാൾ നിരവധി വിദ്യാർഥികളെ സമാന രീതിയിൽ പീഡനത്തിനിരയാക്കിയിട്ടുണ്ട്.
സ്കൂളിലും അധ്യാപകന്റെ ക്വാട്ടേഴ്സിലും വെച്ചാണ് പീഡിപ്പിച്ചതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പാകെ കുട്ടികൾ മൊഴി നൽകി. അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിൽ മലമ്പുഴ പോലീസ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു.
അതേസമയം, ഈ ഗുരുതര കുറ്റകൃത്യം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചുവെച്ചതിന് സ്‌കൂൾ മാനേജർക്കെതിരെയും കർശന നടപടിക്ക് ശുപാർശയുണ്ട്. മാനേജരെ അയോഗ്യനാക്കണമെന്ന് എ.ഇ.ഒ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. കൂടാതെ, പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കും വകുപ്പുതല നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നാണ് മറുപടി നൽകാനുള്ള അവസാന ദിവസം. മറുപടി നൽകിയില്ലെങ്കിൽ ഇവർക്കെതിരെയും നടപടിയുണ്ടാകും.
കലോത്സവത്തിൽ വിജയിച്ചതിന് സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് നവംബർ 29-നാണ് വിദ്യാർത്ഥിയെ അധ്യാപകൻ തന്റെ വാടക വീട്ടിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചത്. ഡിസംബർ 18ന് തന്നെ സംഭവം സ്‌കൂൾ അധികൃതർ അറിഞ്ഞിട്ടും ജനുവരി 3ന് മാത്രമാണ് പരാതി നൽകിയത്.
No comments
Post a Comment